ടൊറന്റോ- സഹോദരനൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്ന ഹിജാബ് ധരിച്ച 11കാരി ടൊറന്റോയിൽ വിദ്വേഷ അതിക്രമത്തിനിരയായി. അജ്ഞാതനായ യുവാവാണ് ആക്രമണം നടത്തിയത്. സ്‌കൂളിലേക്കുള്ള വഴി മധ്യേ ഇയാൾ കത്രിക ഉപേയോഗിച്ച് രണ്ടു തവണ തന്റെ ഹിജാബ് മുറിക്കാൻ ശ്രമിച്ചുവെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. ആക്രമി ഓടി മറയുകയും ചെയ്തു. പെൺകുട്ടിയും സഹോദരനും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി ഏഷ്യൻ വംശജനായ യുവാവാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കിഴക്കൻ ടൊറന്റോയിലെ പോളിൻ ജോൺസൺ സ്‌കൂളിനു സമീപം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം നടന്നത്. അപ്രതീക്ഷിത ആക്രമണത്തിനിടെ പെൺകുട്ടി ബഹളം വച്ചതു കാരണമാകാം പ്രതി ഓടി ഒളിച്ചതെന്ന് പൊലീസ് പറഞ്ഞു.
മറ്റു കുട്ടികൾക്കൊപ്പം സ്‌കൂളിലേക്കു പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് പെൺകുട്ടിയും സഹോദരനും സംഘത്തിൽ നിന്നും മാറിയത്. ഇരുവരും ഒറ്റക്ക് നടന്നു പോകുന്നതിനിടെയാണ് അതിക്രമം ഉണ്ടായത്. ആദ്യ ശ്രമത്തിനു ശേഷം തിരിഞ്ഞോടിയ പ്രതി വീണ്ടും വരികയായിരുന്നെന്ന് കുട്ടികൾ പറഞ്ഞു. പെൺകുട്ടിയുടെ ഹിജാഹ് 12 ഇഞ്ച് നീളത്തിൽ കീറുകയും ചെയ്തു. സംഭവം ഭീരുത്വമാണെന്നും ഈ വിദ്വേഷ പ്രവർത്തനം കാനഡക്കാരുടെ രീതിയല്ലെന്നും ഒന്റോറിയോ പ്രധാനമന്ത്രി കാത്തലീൻ വെയൻ ട്വിറ്ററിൽ പ്രതികരിച്ചു.