കണ്ണൂർ- സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സി.പി.എം കടുത്ത നടപടികളിലേക്ക്. ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവർക്കെതിരെ നടപടി തുടങ്ങി. സി.പി.എം ഉന്നതന്റെ അടുത്ത ബന്ധുവായ ലോക്കൽ സെക്രട്ടറിയെ മാറ്റി. ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടിയാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടന്നുവരികയാണ്.
അർജുൻ ആയാങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ മുൻ സൈബർ സഖാക്കളുടെ പേരിലുള്ള ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ കടന്നാക്രമണം നടക്കുന്ന സാഹചര്യത്തിലാണീ നടപടി. കൂത്തുപറമ്പ് വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എം. മധുസൂതനനെയാണ് തൽസ്ഥാനത്തുനിന്നും നീക്കിയത്. ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ കഴിഞ്ഞ ഫെബ്രുവരിയിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ബോധവൽക്കരണ ജാഥയുടെ സമാപന സമ്മേളനം ക്വട്ടേഷൻ സംഘം കൈയ്യേറി തടസ്സപ്പെടുത്തിയ പ്രദേശത്തെ സെക്രട്ടറി കൂടിയാണ് ഇപ്പോൾ നടപടിക്ക് വിധേയനായ മധുസൂതനൻ. സമാപന സമ്മേളന സ്ഥലത്തെ വൈദ്യുതി ബന്ധം വിഛേദിച്ച ക്വട്ടേഷൻ സംഘം, സ്ഥലത്ത് ഭീതി പരത്തുകയും ചെയ്തിരുന്നു. മൊബൈൽ വെളിച്ചത്തിൽ സംസ്ഥാന നേതാവ് പ്രസംഗിക്കുന്ന ദൃശ്യങ്ങൾ ചാനലുകളിൽ ചർച്ചയായിരുന്നു. ഈ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ അടക്കം പ്രതിപക്ഷം വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരനാണ് ഇപ്പോൾ നടപടിക്ക് വിധേയനായ പി.എം. മധുസൂ തനൻ. മറ്റൊരു സഹോദരനാണ് കൂത്തുപറമ്പ് മേഖലയിലെ ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പി.എം. മനോരാജ് എന്ന നാരായണൻ എന്നായിരുന്നു ആക്ഷേപം. കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ മനോരാജ്, നിലവിൽ പാർട്ടി അംഗമല്ല. വി. രാജീവനാണ് കൂത്ത്പറമ്പ് വെസ്റ്റിലെ പുതിയ ലോക്കൽ സെക്രട്ടറി. കൂത്തുപറമ്പ് ഏരിയ കമ്മിറ്റി അംഗമായ എം. സുകുമാരനെതിരെയും നടപടിയുണ്ട്. ഇയാളെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. എന്നാൽ ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
കണ്ണൂർ ജില്ലയിൽ അഴീക്കോട്, മട്ടന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. പാർട്ടി അംഗങ്ങൾക്ക് ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധമുണ്ടെന്ന കാര്യത്തിൽ വിശദമായ പരിശോധനകൾ നടന്നുവരികയാണ്. നേരത്തെ പാർട്ടിയുമായി ബന്ധമുള്ളവരും, പല കാര്യങ്ങളിൽ പുറത്തു പോയവരുമായവർ സൈബർ ഇടങ്ങളിൽ പാർട്ടി വക്താക്കളായി മാറുകയും, വൻതോതിൽ ആരാധകരെ സൃഷ്ടിക്കുകയും പാർട്ടിയെ വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രവണത കർശനമായി തടയണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ആകാശ് തില്ലങ്കേരിയുടെ വെല്ലുവിളിയാണ് ഇത്തരമൊരു നീക്കത്തിന് പ്രേരകമായത്. നേരത്തെ പാർട്ടിയുമായി സഹകരിക്കുകയും ഇപ്പോൾ ക്വട്ടേഷൻ രംഗത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന 20 ലധികം ആളുകളുടെ പേരും മറ്റു വിവരങ്ങളും ജില്ലാ സെക്രട്ടറി തന്നെ പരസ്യപ്പെടുത്തിയതും ശുദ്ധീകരണ നീക്കത്തിന്റെ മുന്നോടിയായാണ്.