Sorry, you need to enable JavaScript to visit this website.

സജ്ജരാവുക, സ്വയം ത്യജിക്കാൻ

ഹജിന്റെ ചൈതന്യം - 2

ഹജിലെ ഓരോ കർമ്മത്തിന്റെയും ആത്മാവിനെ തൊട്ടറിഞ്ഞ് ഹൃദയപൂർവം അനുഷ്ഠിച്ചാലേ നബി(സ) പറഞ്ഞത് പോലെ നവജാത ശിശുവിന്റെ വിശുദ്ധി കൈവരിച്ച് മടങ്ങാൻ സാധിക്കുകയുള്ളൂ.
ഹജിലും ഉംറയിലും പ്രാരംഭം കുറിക്കുന്ന 'ഇഹ്റാമും' നിയ്യത്തും ഒരുപാട് അർത്ഥതലങ്ങളുള്ളതാണ്. ഉദ്ദേശ്യശുദ്ധി ഉറപ്പുവരുത്തലാണ് നിയ്യത്ത്. ഹജിലൂടെ ലാക്കാക്കുന്നതെന്ത് എന്ന കൃത്യമായ ബോധമാണ് ഇത്  ഹാജിയിൽ അങ്കുരിപ്പിക്കുന്നത്. ഇഹ്റാമിൽ പ്രവേശിക്കുന്നത് വരെ അനുവദനീയവും അഭിലഷണീയവും ഒരുവേള പുണ്യകരവുമായ ഒട്ടേറെ സംഗതികൾ പാടെ നിഷിദ്ധമാകുന്നുവെന്നതാണ് ഇഹ്റാമിന്റെ മർമം. ഇതിന്റെ പൊരുളറിയാത്ത ഒരന്വേഷകന് ഒരുവേള ഇവ്വിധം ചോദിക്കാവുന്നതാണ്: 'ഇത്രയും നാൾ അനുവദനീയവും അഭിലഷണീയവുമായ കാര്യങ്ങൾ ഇത്രപെട്ടെന്ന് പാടെ നിഷിദ്ധമാവുകയോ? ഇതെന്താണിങ്ങനെ? .....'' ഇതിന്റെ മറുപടിയിലാണ് ഇഹ്റാമിന്റെ മർമം. നമ്മുടെ ജീവിതത്തിൽ എന്തൊക്കെയാവാം, എന്തൊക്കെ പാടില്ല. എപ്പോൾ പറ്റും, എപ്പോൾ പറ്റില്ല. ഇതൊക്കെ നാമോ നമ്മെ പോലുള്ള സൃഷ്ടികളോ തീരുമാനിക്കേണ്ടതല്ല. മറിച്ച് സൃഷ്ടികർത്താവും ഉടയോനും നിയന്താവുമായ ഏകമഹാശക്തിക്കാണ് അതെല്ലാം നിർണയിക്കാനുള്ള സമ്പൂർണാധികാരം. അവൻ അനുവദിച്ചാൽ പറ്റും. ഇല്ലെങ്കിൽ പറ്റില്ല. ഇതായിരിക്കണം ഒരു വിശ്വാസിയുടെ നിലപാട്. അതെ, അല്ലാഹുവിന്റെ ഉടമാധികാരവും പരമാധികാരവും ശാസനാധികാരവും അറിഞ്ഞംഗീകരിച്ച് ഉള്ളാലെ ഉൾക്കൊണ്ടുകൊണ്ടുള്ള സമ്പൂർണ സമർപ്പണമാണ് ഇഹ്റാമിലൂടെ പുലരേണ്ടത്. നാം പലപ്പോഴും വിസ്മരിക്കുന്ന ഈ യാഥാർത്ഥ്യം ജീവിതത്തിലുടനീളം മുറുകെ പിടിക്കാമെന്ന പ്രതിജ്ഞയും പ്രാർഥനയും കൂടിയാവണം ഇഹ്റാം.


കഅ്ബാലയത്തിലേക്ക് നാം വരുന്നത് രാജതമ്പുരാനായ അല്ലാഹു, ജനനേതാവും കഅ്ബയുടെ പുനരുദ്ധാരകനും മക്കയുടെ ശിൽപ്പിയുമായ ഇബ്രാഹിം നബി(അ)യിലൂടെ നടത്തിയ വിളംബരത്തിന് ഉത്തരമേകിക്കൊണ്ടാണ്. പടച്ചവന്റെ വിളിക്ക് അടിയാന്റെ ഉത്തരമെന്ന പൊരുളാണ് 'ലബൈക്കല്ലാഹുമ്മ ലബൈക്ക്...'' എന്ന തൽബിയത്തിന്. സത്യശുദ്ധവും ദൃഢരൂഡവുമായ ഏക ദൈവവിശ്വാസ(തൗഹീദ്) ത്തിന്റെ പ്രഘോഷണവും ആ വിശ്വാസത്തിന്റെ തേട്ടമനുസരിച്ച് ഉടയ തമ്പുരാനോടുള്ള വിനീത വിധേയത്വവും തുളുമ്പി നിൽക്കുന്നതാണത്. നമ്മുടെ പ്രയാണം അല്ലാഹുവിലേക്കാണ്; അവന്റെ സവിധത്തിലേക്കാണ്. സർവശക്തനും സർവജ്ഞനുമായ യജമാനന്റെ സന്നിധാനത്തിലേക്ക് അതീവ വിനയാന്വിതരായി, അങ്ങേയറ്റത്തെ ലാളിത്യത്തോടെ വരണം. ദാസൻ തന്റെ യജമാനന്റെ അടിമത്തം ശരിക്കും അറിഞ്ഞംഗീകരിച്ചുകൊണ്ടുള്ള ഈ ലളിതവേഷം നമ്മുടെ അന്ത്യയാത്രയിലണിയിക്കുന്ന ശവപ്പുടവക്ക് തുല്യമാണ്. ഇഹ്റാമിൽ പ്രവേശിച്ച് ഈ വേഷമണിയുമ്പോൾ സംഗതിയുടെ പൊരുളോർത്ത് പലരും മോഹാലസ്യപ്പെട്ടിട്ടുണ്ട്. ഇഹ്റാമിന്റെ പൊരുൾ ഉൾക്കൊള്ളാതെ നാടകത്തിന് വേഷമിടുന്നതുപോലെ ആയിപ്പോകുന്നത് വളരെ സൂക്ഷിക്കേണ്ടതാണ്. ഇഹ്റാമിൽ യാതൊരുവിധ ഹിംസയോ ധ്വംസനമോ പാടില്ല; തികഞ്ഞ സമാധാനചിത്തരും വിനയാന്വിതരുമായിരിക്കണം. ഹാജി നേരത്തെ പല മേൽവിലാസങ്ങളും പേറിനടന്നിട്ടുണ്ടാവും. ഇനി ഒരൊറ്റ മേൽവിലാസമേ ഉള്ളൂ. അബ്ദുല്ല (ദൈവദാസൻ) എന്നതാണത്. യഥാർഥ മേൽവിലാസവും ഉത്തമവിലാസവും അതാണ്- മഹാൻമാരായ പ്രവാചൻമാരെ 'അബ്ദ്' (അടിമ) എന്നാണല്ലോ അല്ലാഹു സ്നേഹാദരപൂർവം വിശേഷിപ്പിച്ചത്. തന്റെ ഇഷ്ടദാസൻമാരെ ''ഇബാദുർറഹ്മാൻ'' എന്നാണല്ലോ അല്ലാഹു വിളിച്ചത്. സകല പൊങ്ങച്ചങ്ങളും പൊള്ളയായ മേൽവിലാസങ്ങളും തിരിച്ചറിവിന്റെയടിസ്ഥാനത്തിൽ വെടിഞ്ഞ് പ്രാർഥനാപൂർവം കഅ്ബാലയത്തിലേക്ക് കടന്നുവരുന്ന തീർത്ഥാടകന്റെ ഉള്ളിൽ വിവരണാതീതമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്; ഉണ്ടാവേണ്ടതും.


കഅ്ബാലയമാകുന്ന അല്ലാഹുവിന്റെ ദർബാറിലെത്തുമ്പോൾ നമ്മോട് തമ്പുരാൻ ചോദിക്കുകയാണ്: 'എന്താണിങ്ങോട്ട് വന്നത്?'' അടിയാൻ: 'തമ്പുരാനെ, നിന്റെ വിളിക്കുത്തരമായിക്കൊണ്ടാണീ വരവ്...'' (ലബ്ബൈക്കല്ലാഹുമ്മ...) അപ്പോൾ അല്ലാഹു പറയും : 'എങ്കിൽ ഇതാ എന്റെ അടിയാറുകൾ എന്റെ ഭവനത്തിന് ചുറ്റും അനുസരണ പ്രകടനം നടത്തുന്നു. നീയും ആ ജനസാഗരത്തിൽ ഒരു ബിന്ദുവായി അലിഞ്ഞു ചേരുക....''


അതെ, സൃഷ്ടികളിലൂടെയാണ് സ്രഷ്ടാവിലേക്കുള്ള പാത; സൃഷ്ടി നിരീക്ഷണത്തിലൂടെയാണ് നാം സ്രഷ്ടാവിനെ അറിയുന്നത്, അറിയേണ്ടതും. സൃഷ്ടിസേവയിലൂടെയാണ് നാം അല്ലാഹുവിനെ പ്രാപിക്കേണ്ടത്. നബി(സ) നുബുവത്തിന് മുമ്പ് 'ഹിറ' യുടെ ഏകാന്തതയിൽ ധ്യാനനിരതനായി കഴിച്ചുകൂട്ടിയിരുന്നു. പ്രവാചകനായി നിയുക്തനായതിന് ശേഷം നബി പഴയപോലെ ഹിറയുടെ ഏകാന്തതയിൽ ധ്യാനനിരതനായതായി ചരിത്രം പറയുന്നില്ല. പിന്നെ നാം നബിയെ ദർശിക്കുന്നത് ജനമദ്ധ്യത്തിലാണ്. സൃഷ്ടികളെ സ്രഷ്ടാവിലേക്കടുപ്പിക്കുന്ന മഹായജ്ഞത്തിൽ. വഴിതെറ്റിയലയുന്ന പടപ്പുകളെ പടച്ചവനിലേക്ക് വഴി നടത്തുക എന്നതിനേക്കാൾ വലിയ സൃഷ്ടിസേവ വേറെയില്ല. ഈ തിരിച്ചറിവോടെയാണ് നാം ത്വവാഫിന്റെ തളത്തിലേക്ക് (മത്വാഫ്) ഇറങ്ങേണ്ടത്. ത്വവാഫാണ് കഅ്ബാലയത്തിലെത്തുന്ന തീർഥാടകന്റെ പ്രഥമ കർമം. കഅ്ബയെ ഇടതുവശത്താക്കി ചുറ്റിക്കറങ്ങുന്ന നടത്തം പ്രദക്ഷിണമോ വലം വെക്കലോ അല്ല. നാഥനോടുള്ള വിധേയത്വത്തിന്റെയും അച്ചടക്കപൂർണമായ അനുസരണയുടെയും പ്രാർഥനാനിർഭരമായ പ്രകടനമാണത്. എല്ലാ ഭിന്നതകൾക്കുമതീതമായി വിശ്വാസികളുടെ ഒരുമ പുലരുന്ന മഹദ്കർമം. ഇതിന്റെ പ്രാരംഭം കറുത്ത ശിലയുടെ മുന്നിൽ നിന്നാണ്.

അല്ലാഹുവിന്റെ തിരുനാമം ഉച്ചരിച്ചുകൊണ്ടുമാണ്. ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ കറുകറുത്ത അടയാളക്കല്ലി് പഴക്കവും ചരിത്രവും ഒട്ടേറെയുണ്ട്. ഒരുപാട് തലമുറകളുടെ ചുംബനവും സ്പർശവും ഏറ്റുവാങ്ങിയ ഈ അടയാളക്കല്ല് മാത്രമാണ് അവിടെയുള്ള ചരിത്രത്തിന്റെ ഏറ്റവും പഴയസാക്ഷി. ആര് എപ്പോൾ, എവിടെനിന്ന് വന്നാലും ത്വവാഫ് ആ ബിന്ദുവിൽനിന്ന് തുടങ്ങണം. രാജാവായാലും പ്രജയായാലും കറുത്തവനായാലും വെളുത്തവനായാലും അറബിയായാലും അനറബിയായാലും എല്ലാവരും ഈ ബിന്ദുവിൽ നിന്നാണ് തുടങ്ങുന്നത്. കഅ്ബാലയത്തിലെന്നപോലെ ഈ ബിന്ദുവിലും ലോകമുസ്ലിംകൾ ഒന്നിക്കുന്നു. 'തീർച്ചയായും നിങ്ങളുടെ ഈ സമുദായം ഒരൊറ്റ സമുദായം (ഉമ്മത്ത്) ആണ്; ഞാൻ നിങ്ങളുടെ റബ്ബും ആകയാൽ എനിക്ക് വിധേയപ്പെടുവീൻ'' എന്ന ഖുർആനിക പ്രസ്താവനയുടെ സുന്ദരരൂപമാണ് ഇവിടെ നാം ദർശിക്കുന്നത്. (തുടരും)

(സംസ്ഥാന ഹജ് കമ്മിറ്റി മുൻ അംഗമാണ് ലേഖകൻ) 

[email protected]

Latest News