ന്യൂദൽഹി- പാസ്പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍ ഇനിമുതല്‍ പ്രിന്‍റ് ചെയ്യേണ്ടതില്ലെന്നു തീരുമാനിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ മേല്‍വിലാസത്തിനുളള ആധികാരികരേഖയായി പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല. ഇമിഗ്രേഷന്‍ പരിശോധന ആവശ്യമാണോ എന്ന കാര്യവും ഈ പേജിലാണ് രേഖപ്പെടുത്തിയിരുന്നത്. ഇമിഗ്രേഷന്‍ പരിശോധന ആവശ്യമായവർക്ക് ഓറഞ്ച് നിറത്തിലുള്ള പുറംചട്ടയോടുകൂടിയ പുതിയ പാസ്പോര്‍ട്ട് ഏർപ്പെടുത്താനും തീരുമാനമായി.
വിദേശകാര്യ മന്ത്രാലയത്തിന്‍റെയും വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്‍റെയും ഉദ്യോഗസ്ഥര്‍ അംഗങ്ങളായ ഉന്നത സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. പാസ്‍പോര്‍ട്ടിലെ അവസാന പേജില്‍ മേല്‍വിലാസം, മാതാപിതാക്കളുടെ പേര്, ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും പേര് തുടങ്ങിയവ ഇനി പ്രിന്‍റ് ചെയ്യില്ല.
ഇമിഗ്രേഷന്‍ പരിശോധന ആവശ്യമാണോ അല്ലയോ തുടങ്ങിയ വിശദാംശങ്ങളും ഉണ്ടാകില്ല. ഇമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവര്‍ക്ക് നീല പാസ്പോര്‍ട്ടും പരിശോധന ആവശ്യമുളളവര്‍ക്ക് ഓറഞ്ച് പാസ്പോര്‍ട്ടും നല്‍കും. പഴയ പാസ്പോര്‍ട്ട് നമ്പറും, പാസ്പോര്‍ട്ട് ഓഫിസിന്‍റെ വിശദാംശങ്ങളും ഒഴിവാക്കും. നിലവില്‍ പാസ്പോര്‍ട്ടുളളവര്‍ക്കു കാലാവധി കഴിയുന്നതുവരെ ഉപയോഗിക്കാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.