ന്യൂദല്‍ഹി- സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോടുള്ള കടുത്ത വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാന്‍ കാരണം സിബിഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബ്രിജ്പാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവും അതിനു പിന്നിലെ ദുരൂഹതകളും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിപ്പട്ടികയിലുള്ള സൊറാബുദ്ദീന്‍ ഷേക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ആയിരുന്നു ജസ്റ്റിസ് ലോയയുടെ മരണം. അമിത് ഷായ്ക്കു പുറമെ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കട്ടാരിയയും കേസില്‍ പ്രതി സ്ഥാനത്താണ്.
* ജഡ്ജിയുടെ മരണം
സൊറാബുദ്ദീന്‍ കേസില്‍ വിചാരണ നടക്കുന്നതിനിടെ 2014 ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെയാണു നാഗ്പുരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ലോയയുടെ മരണം. ഓട്ടോ റിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചതും ബന്ധുക്കളെ അറിയിക്കാതെ പോസ്റ്റുമോര്‍ട്ടം നടത്തിയതും മൃതദേഹത്തെ ആരും അനുഗമിക്കാതിരുന്നതുമെല്ലാം മരണത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. കോടതിയില്‍ ഹാജരാകാതിരുന്ന അമിത് ഷാക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കേയായിരുന്നു ജസ്റ്റിസ് ലോയയുടെ മരണം. ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കാരവന്‍ മാഗസിന്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വിട്ടിരുന്നു. ലോയയുടെ സഹോദരിയും ഡോക്ടറുമായ അനുരാധ ബിയാനി നിരവധി സംശയങ്ങളാണ് ഉന്നയിച്ചത്.
കേസിലെ നടപടികള്‍ അവസാനിപ്പിച്ച രീതി, ജഡ്ജിമാരെ മാറ്റിയ രീതി, വാദം കേട്ട ജഡ്ജിയുടെ മരണം, ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരായ ആരോപണം തുടങ്ങിയവ ഗുരുതര വിഷയങ്ങളായിരുന്നു. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാര്യ ഷര്‍മിളയും മകന്‍ അനൂജും ഭയം കാരണം ഇപ്പോഴും ഒന്നും പുറത്തു പറയാന്‍ തയാറല്ല.
* സൊറാബുദ്ദീന്‍ കേസ്
സൊറാബുദ്ദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഹൈദരാബാദില്‍നിന്ന് തട്ടിക്കൊണ്ടുപോയി ഗാന്ധി നഗറിനു സമീപം 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണ് കേസ്. കേസിലെ 38 പ്രതികളില്‍ 15 പേരെ കോടതി വിട്ടയച്ചു. ഇതില്‍ 14 പേരും ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു. സംഭവത്തിന്റെ സാക്ഷി തുളസീറാം പ്രജാപതിയെ ഗുജറാത്തിലെ ചപ്രി ഗ്രാമത്തില്‍ 2006 ഡിസംബറില്‍ പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസും സൊറാബുദ്ദീന്‍ കേസും ഒരുമിച്ചാക്കാന്‍ 2013 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
* കേസിലെ ദുരൂഹതകള്‍
അമിത് ഷാ പ്രതിയായ കേസില്‍ തുടക്കം മുതല്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായതായി സംശയം ഉയര്‍ന്നിരുന്നു. അമിത് ഷാ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിന്റെ പേരില്‍ ശാസിച്ച ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് 2014 ജൂണില്‍ ജസ്റ്റിസ് ലോയ സിബിഐ കോടതിയുടെ പ്രത്യേക ജഡ്ജിയായി സ്ഥാനമേല്‍ക്കുന്നത്. കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിനു വേണ്ടി അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ തന്റെ സഹോദരനു നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം നല്‍കിയതായി ലോയയുടെ സഹോദരിയായ അനുരാധ ബിയാനി വെളിപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ലോയയുടെ മരണത്തിനു ശേഷം ജസ്റ്റിസ് എം.ബി ഗോസാവിയാണ് സൊറാബുദ്ദീന്‍ കേസിന്റെ വിചാരണ കേള്‍ക്കുന്നതിനായി നിയമിക്കപ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ പ്രതിഭാഗം വാദം അംഗീകരിച്ച ജസ്റ്റിസ് ഗോസാവി അമിത് ഷായെ കുറ്റവിമുക്തനാക്കി വിധി പറയുകയും ചെയ്തു.
* പരാതികള്‍
മഹാരാഷ്ട്രയില്‍നിന്നുള്ള മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍ ലോണ്‍ ആണ് ജഡ്ജിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു ഹരജി നല്‍കിയത്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ജനുവരി എട്ടിന് ബോംബേ ലോയേഴ്‌സ് അസോസിയേഷന്‍ ബോംബേ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജിയും നല്‍കിയിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വൈരുധ്യങ്ങള്‍, മരണശേഷം പാലിക്കേണ്ട നടപടിക്രമങ്ങളിലെ വീഴ്ചകള്‍, മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറിയ രീതി തുടങ്ങി അസ്വസ്ഥത സൃഷ്ടിക്കുന്ന ഒട്ടേറെ ചോദ്യങ്ങളാണു ലോയയുടെ പിതാവും സഹോദരിമാരും ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്നത്.
* കേസ് സുപ്രീം കോടതിയില്‍
ജസ്റ്റിസ് ലോയയുടെ കേസ് ഉള്‍പ്പെടെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചിനു വിടാതെ സുപ്രീം കോടതിയിലെ പത്താം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്കു വിട്ടതിലാണ് നാലു ജഡ്ജിമാര്‍ പരസ്യമായ പ്രതിഷേധം പങ്കുവെച്ചത്. ഇന്നലെ തന്നെയാണ് ജസ്റ്റിസ് ലോയയുടെ മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് അദ്ദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതും. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം അതീവ് ഗൗരവ വിഷയമാണെന്നും കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു.