ന്യൂയോര്‍ക്ക്- അമേരിക്കന്‍ പ്രവശ്യയായ ഇല്ലിനോയ്‌സില്‍ ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന് 41 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി ലഭിച്ചു. ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് നിര്‍ണായക ഇടപെടലുണ്ടായത്.
പ്രദേശത്തെ ഒരു ബാറില്‍ വെച്ച് 2015ല്‍ ഉണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് ലോഗന്‍ ബ്ലാന്റി എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത്. സംഭവദിവസം ബാറിലെത്തി മദ്യപിച്ച യുവാവ് ജീവനക്കാരടക്കമുള്ളവരോട് തര്‍ക്കിച്ചു. ബാറിലെത്തിയവരുമായിട്ടാണ് ഇയാള്‍ തര്‍ക്കം ആരംഭിച്ചത്. വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ബാറിലെ സുരക്ഷാ ജീവനക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. പുറത്ത് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ലോഗന്‍ തയ്യാറായില്ല. പ്രശ്‌നം കയ്യാങ്കളിയിലേക്ക് എത്തിയതോടെ മദ്യപിച്ച് അവശനിലയിലായ ലോഗനെ സുരക്ഷാ ജീവനക്കാര്‍ ബാറില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഈ സംഭവമാണ് യുവാവിന് ദുരന്തമായി തീര്‍ന്നത്.
സുരക്ഷാ ജീവനക്കാര്‍ ലോഗനെ കയ്യിലെടുത്ത് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഈ വീഴ്ചയില്‍ ഗുരുതരമായ പരിക്കാണ് യുവാവിന് സംഭവിച്ചത്. ആശുപത്രിയില്‍ നടന്ന വിദഗ്ധ പരിശോധനയില്‍ കഴുത്തിലെ കശേരു തകര്‍ന്നതായി കണ്ടെത്തി. അരയ്ക്ക് താഴേക്ക് തളര്‍ന്നതോടെ തുടര്‍ന്നുള്ള ജീവിതം വീല്‍ ചെയറിലായി. ആശുപത്രി ചെലവിനും മറ്റ് ചികിത്സകള്‍ക്കുമായി വന്‍ തുക ചെലവഴിക്കേണ്ടതായും വന്നു. ഇതിന് പിന്നാലെയാണ് തനിക്ക് നേരെയുണ്ടായ ക്രൂരത നിയമപരമായി ചോദ്യം ചെയ്യാന്‍ യുവാവ് തീരുമാനിച്ചത്. ബാറിലെ സുരക്ഷാ ജീവനക്കാരില്‍ നിന്നുമുണ്ടായ ക്രൂരത ലോഗന്‍ കോടതിയില്‍ തുറന്നു പറഞ്ഞു. ബാറില്‍ വെച്ച് തര്‍ക്കം ഉണ്ടായെങ്കിലും താന്‍ സംഘര്‍ഷത്തിന് മുതിര്‍ന്നില്ലെന്ന് വ്യക്തമാക്കി. ചെറിയ കാര്യങ്ങളുടെ പേരില്‍ തന്റെ കക്ഷിക്ക് നേരിടേണ്ടിവന്നത് ക്രൂരതയാണെന്നും പുറത്തേക്ക് വലിച്ചെറിയേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും അറ്റോണി കോടതിയില്‍ പറഞ്ഞു. ബാറിലെ സി സി ടിവി ക്യാമറകള്‍ പരിശോധിച്ച കോടതി യുവാവിനെ സുരക്ഷാ ജീവനക്കാര്‍ പുറത്തേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ബാറിന് പുറത്തേക്ക് വലിച്ചെറിയുന്നതും ദൃശ്യത്തിലുണ്ട്. വീഴ്ചയില്‍ യുവാവിന്റെ കഴുത്ത് ഒടിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച കോടതി ലോഗന്റെ ഭാഗത്തും വീഴ്ച സംഭവിച്ചതായി പറഞ്ഞു. ആദ്യം 51 മില്യനാണ് നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ബാറിലുണ്ടായ സംഭവങ്ങള്‍ക്ക് ലോഗനും ഉത്തരവാദിയാണെന്ന് വ്യക്തമാക്കിയ കോടതി നഷ്ടപരിഹാര തുക 41 മില്യണ്‍ (ഏകദേശം 305 കോടി രൂപ) ആയി കുറയ്ക്കുകയായിരുന്നു. ബാറിലെ പ്രശ്‌നങ്ങള്‍ക്ക് താന്‍ കാരണക്കാരനല്ലെന്ന് യുവാവ് വാദിച്ചിട്ടില്ലെന്നും കോടതി വിലയിരുത്തി. കെന്‍ഡാല്‍ കൗണ്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരം നല്‍കുന്ന ആദ്യ കേസാണിത്. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന യുവാവിന് കൂടുതല്‍ സൗകര്യമുള്ള വീടും സഹായത്തിന് ആളുകളും ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. പുതിയ വസതി കണ്ടെത്തി അങ്ങോട്ട് മാറാന്‍ ലോഗന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.