ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപോര്‍ട്ട്. പാര്‍ട്ടി വൃത്തങ്ങള്‍ ഇതുസംബന്ധിച്ച് സൂചിപ്പിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഈ വിവരം പുറത്തു വരുന്നത്. ഇന്നലെ നടന്ന ചര്‍ച്ചകള്‍ പഞ്ചാബ്, ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് സംബന്ധിച്ചായിരുന്നില്ലെന്നും അതിലും വലിയ വിഷയമായിരുന്നെന്നും റിപോര്‍ട്ട് പറയുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ പ്രശാന്തിന്റെ സേവനം ഉപയോഗിക്കാനാണു നീക്കം.
ബിജെപിയെ കേന്ദ്രത്തിലും കോണ്‍ഗ്രസിനു പുറമെ ജെഡിയു, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായ തന്ത്രങ്ങല്‍ മെനഞ്ഞ പ്രശാന്ത് കിഷോര്‍ നേരത്തെ ജെഡിയുവില്‍ ചേര്‍ന്നിരുന്നു. പിന്നീട് പാര്‍ട്ടി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷുമായി ഭിന്നതയുണ്ടായതിനെ തുടര്‍ന്ന് ജെഡിയു വിടുകയായിരുന്നു. ജെഡിയുവിലാണ് പ്രശാന്ത് ആദ്യമായി സജീവ രാഷ്ട്രീയം പരീക്ഷിച്ചത്. പാര്‍ട്ടി വിട്ട് പിന്നീട് പ്രശാന്ത് വീണ്ടും തെരഞ്ഞെടുപ്പു തന്ത്രജ്ഞനായി വിവിധ പാര്‍ട്ടികള്‍ക്കു സേവനം നല്‍കി. 2017ല്‍ കോണ്‍ഗ്രസിനു വേണ്ടി യുപിയില്‍ തന്ത്രം മെനഞ്ഞെങ്കിലും അത് പരാജയപ്പെട്ടിരുന്നു. പ്രശാന്ത് ഏറ്റെടുത്തതില്‍ പരാജയപ്പെട്ട ഏക തെരഞ്ഞെടുപ്പും ഇതായിരുന്നു. 2017ല്‍ തന്നെ പഞ്ചാബില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിലും പ്രശാന്ത് പങ്കുവഹിച്ചു. ഏറ്റവുമൊടുവില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയെ മിന്നും ജയത്തിലേക്കു നയിക്കുന്നതിനും ബംഗാളില്‍ കടുത്ത ബിജെപി വെല്ലുവിളികളെ അതിജീവിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനും പങ്കുവഹിച്ചു. ബംഗാള്‍ വിജയത്തോടെ താന്‍ ഈ രംഗം വിടുന്നതായി പ്രശാന്ത് പ്രഖ്യാപിച്ചിരുന്നു. താനൊരു തോറ്റ രാഷ്ട്രീയക്കാരനാണെന്നും ഒരു ഇടവേള എടുക്കുകയോ മറ്റുകാര്യങ്ങളില്‍ ശ്രദ്ധിക്കുകയോ ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രതിപക്ഷ മുന്നണി ചര്‍ച്ച സജീവമാക്കി എന്‍സിപി നേതാവ് ശരദ് പവാറുമായി പ്രശാന്ത് കൂടിക്കാഴ്ച നടത്തിയതോടെ പ്രശാന്ത് ഈ രംഗത്തു തന്നെ ഉണ്ടെന്ന് വ്യക്തമായി. പ്രശാന്തും പവാറും തമ്മില്‍ ഒന്നിലേറെ തവണ കൂടിക്കാഴ്ച നടന്നതിനു പിന്നാലെയാണ് പവാര്‍ ദല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ത്ത് ബിജെപി നേരിടുന്ന കാര്യം ചര്‍ച്ച ചെയ്തത്. ഈ യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുത്തിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ സഖ്യമില്ലെന്ന് പവാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് തിരിച്ചുവരണമെങ്കില്‍ അത് കോണ്‍ഗ്രസ് തന്നെ വിചാരിക്കണമെന്നും പുറത്തു നിന്ന് ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു പ്രശാന്തിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്രശാന്ത് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്.