മുധുരൈ- ശ്രീലങ്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അനുവദിച്ച മധുരൈ റീജനല്‍ പാസ്‌പോര്‍ട്ട് ഓഫീസിലെ സീനിയര്‍ സുപ്രണ്ടിനെ സിബിഐ അറസ്റ്റ് ചെയ്തു. ട്രാവല്‍ ഏജന്റ് എത്തിച്ച വിദേശികള്‍ക്കാണ് സീനിയര്‍ സുപ്രണ്ട് വീരപുത്തിരന്‍ പാസ്‌പോര്‍ട്ട് അനുവദിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് മധുരൈയില്‍ മൂന്നിടങ്ങളിലായി സിബിഐ റെയ്ഡ് നടത്തി. സംഭവത്തില്‍ രമേശ് എന്ന മറ്റൊരാള്‍ക്കെതിരെയും കേസുണ്ട്. രമേശുമായും മധുരൈയിലെ ട്രാവല്‍ ഏജന്റുമാരുമായും ഗൂഢാലോചന നടത്തിയാണ് 2019-20 കാലത്ത് വീരപുത്തിരന്‍ വിദേശികള്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചിരുന്നതെന്ന് സിബിഐ പറയുന്നു. തിരുനേല്‍വേലി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രയിലെ ഗ്രാന്റിങ് ഓഫീസറായിരിക്കെയാണ് വീരപ്പുത്തിരന്‍ തട്ടിപ്പിലൂടെ ശ്രീലങ്കന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അനുവദിച്ചത്. ട്രാവല്‍ ഏജന്റുമാരില്‍ നിന്ന് കൈക്കൂലി വാങ്ങിയായിരുന്നു ഇത്. 45,000 രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. രമേശ് ഈ തുക വീരപുത്തിരന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായും കണ്ടെത്തി.