കൊച്ചി- അപക്വമായ ഇടപെടലുകളിലൂടെയും നിരന്തര വിവാദങ്ങളിലൂടെയും മന്ത്രി അഹമ്മദ് ദേവർകോവിൽ ഐ.എൻ.എലിന് ബാധ്യതയായി മാറിയെന്ന് ഒരുവിഭാഗം നേതാക്കൾ. സ്വീകരണങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കാൻ അമിത ഉത്സാഹം കാട്ടുന്ന മന്ത്രി മടങ്ങിപ്പോയ ശേഷമാണ് എൽ.ഡി.എഫ് പ്രവർത്തകരും നേതാക്കളും വിവരം അറിയുന്നത്. ഇത് ശുദ്ധ നന്ദികേടാണ്.
തെരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ കാസിം ഇരിക്കൂർ പിരിച്ച തുകയുടെ മുഴുവൻ കണക്കുകളും പുറത്ത് വിടാൻ തയാറാകണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി നൽകുമെന്ന് മുൻ സംസ്ഥാന സെക്രട്ടറി എം.എ. ജലീൽ പുനലൂർ, സെക്രട്ടറിയേറ്റ് അംഗം എം.കോം നജീബ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.ടി. ഷാജഹാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി സംസ്ഥാന നേതൃത്വത്തെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി എൽ.ഡി.എഫ് നേതൃത്വം താക്കീത് നൽകിയിട്ടും തിരുത്താൻ തയാറല്ലെന്ന ധിക്കാരപരമായ നിലപാടാണ് മന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ വ്യക്തമായ തെളിവാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ മടവൂരിൽ പ്രമുഖ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സൽക്കാരത്തിൽ മന്ത്രി പങ്കെടുക്കുകയും പരസ്യപ്പെടുത്തുകയും ചെയ്ത നടപടിയിലൂടെ വ്യക്തമാകുന്നതെന്നും ഇവർ ആരോപിച്ചു.