ന്യൂദൽഹി- ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ കോൺഗ്രസിന് തന്ത്രം മെനയാൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ എത്തുമോയെന്ന ആകാംക്ഷയിലാണ് ദേശീയ രാഷ്ട്രീയം. നേരത്തെ എൻ.സി.പി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രശാന്ത് കിഷോർ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ചർച്ച നടത്താൻ എത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനൊപ്പം 2024-ൽ നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പ് കാര്യങ്ങളും നേതാക്കളുമായി പ്രശാന്ത് കിഷോർ ചർച്ച ചെയ്തു. പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനും പ്രശാന്ത് കിഷോർ മുന്നിട്ടിറങ്ങിയിരുന്നു. 2017-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ ആവിഷ്‌കരിച്ചത് പ്രശാന്ത് കിഷോറായിരുന്നു.
ഇന്നലെ വൈകിട്ട് രാഹുൽ ഗാന്ധിയുടെ ദൽഹിയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇവിടേക്ക് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുകയായിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ചർച്ചയിൽ പങ്കെടുത്തു. യു.പി, പഞ്ചാബ് തെരഞ്ഞെടുപ്പുകൾ സംബന്ധിച്ചാണ് ചർച്ച എന്നായിരുന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് എങ്കിലും 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്ന കാര്യങ്ങളാണ് ചർച്ച ചെയ്തത് എന്നാണ് സൂചന. അതേസമയം, നേരത്തെയും പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടന്നതായി കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.