രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തി

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കൂടിക്കാഴ്ച നടത്തി. പഞ്ചാബ് തെരഞ്ഞെടുപ്പാണ് വിഷയമായതെന്നും, ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യവും ചര്‍ച്ച ചെയ്തതായും സൂചനകളുണ്ട്. 

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ തമ്മില്‍ കനത്ത ഉല്‍പ്പോരാണ് നടക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിപക്ഷ കക്ഷി നേതക്കളുമായി കൂടിക്കാഴ്ച നടത്തി വരുന്ന പ്രശാന്ത് കിഷോര്‍ രാഹുലിന്റെ വീട്ടിലെത്തിയാണ് ഇരുവരേയും കണ്ടത്. ഉത്തര്‍ പ്രദേശിലെ വിഷയവുമായി ബന്ധപ്പെട്ട ഒരു യോഗം ഒഴിവാക്കിയാണ് പ്രിയങ്ക പ്രശാന്തിനെ കണ്ടതെന്നും റിപോര്‍ട്ടുണ്ട്. 

കഴിഞ്ഞ തവണ പ്രശാന്തിന്റെ തന്ത്രങ്ങളിലൂടെയാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരം പിടിച്ചത്. പ്രശാന്തിന്റെ കൂടി ശ്രമഫലമായി ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റര്‍ നവജോത് സിങ് സിദ്ദുവും മുഖ്യമന്ത്രി അമരീന്ദര്‍ സിങുമാണ് ഇപ്പോള്‍ പ്രധാന പോര്. ഇത് പരിഹരിക്കാനാണ് പ്രശാന്തിന്റെ ഇടപെടല്‍. ഇതിനിടെ സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് കൂടുമാറുമെന്നും അഭ്യൂഹമുണ്ടായിരുന്നു. കോണ്‍ഗ്രസിനും ആംആദ്മി പാര്‍ട്ടിക്കുമിടയില്‍ ചാഞ്ചാടുന്ന സിദ്ദുവിനെ തണുപ്പിക്കാനാണ് ഇപ്പോള്‍ തിരിക്കിട്ട നീക്കങ്ങള്‍. പഞ്ചാബില്‍ മന്ത്രിയായിരുന്ന സിദ്ധു അമരീന്ദറുമായുള്ള ഭിന്നതയെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് പദവി ഉപേക്ഷിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു എന്നതാണ് സിദ്ദുവിന്റെ പരാതി. തുടര്‍ന്ന് സിദ്ദുവിനെ കൂടി ഉള്‍പ്പെടുത്തി പാര്‍ട്ടി നേതൃത്വം പുനസംഘടിപ്പിക്കാനുള്ള ഒരു ഫോര്‍മുലയും കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തിരുന്നു.
 

Latest News