ന്യൂദല്‍ഹി- എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കാന്‍ ഭീകരവിരുദ്ധ നിയമങ്ങള്‍ പൗരന്മാര്‍ക്കെതിരെ ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡോ. ഡി.വൈ ചന്ദ്രചൂഢ്. ഇന്ത്യയും യുഎസും തമ്മിലുള്ള നിയമ ബന്ധങ്ങളെ കുറിച്ച് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഭീകരവിരുദ്ധ നിയമം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ നിയമങ്ങള്‍ പൗരന്മാരെ പീഡിപ്പിക്കാനും എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനും ദുരുപയോഗിക്കരുത്. അര്‍നബ് ഗോസ്വാമി കേസിലെ എന്റെ വിധിയില്‍ വ്യക്തമാക്കിയതു പോലെ, പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനെതിരെ ആദ്യ പ്രതിരോധം തീര്‍ക്കേണ്ടത് കോടതികളാണെന്ന് സ്വയം ഉറപ്പാക്കേണ്ടുണ്ട്,' ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.
ഒരു ദിവസത്തേക്കു മാത്രമാണെങ്കില്‍ പോലും സ്വാതന്ത്യം ഇല്ലാതാക്കുന്നത് വളരെ കൂടുതലാണ്. നമ്മുടെ തീരുമാനങ്ങളുണ്ടാക്കുന്ന ആഴത്തിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് നാം എല്ലായ്‌പ്പോഴും ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട് വിചാരണ തടവുകാരനായി കഴിയവെ മുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി തടവില്‍ മരിച്ചതിനെതിരെ വിവിധ കോണുകൡ നിന്ന് പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ജഡ്ജിയുടെ ഈ നിരീക്ഷണം. സ്റ്റാന്‍ സ്വാമിയുടെ കേസിനു പുറമെ മറ്റ് യുഎപിഎ കേസുകളും ഈയിടെ വലിയ ചര്‍ച്ചയായിരുന്നു. യുഎപിഎ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അസമിലെ പൗരത്വ പ്രക്ഷോഭ സമരം നയിച്ച് അഖില്‍ ഗോഗോയ് ഒന്നര വര്‍ഷത്തിനു ശേഷം ഈയിടെയാണ് ജാമ്യം ലഭിച്ചത്. യുഎപിഎ കേസില്‍ 11 വര്‍ഷം ജയിലില്‍ കിടന്ന് ഒടുവില്‍ നിരപരാധിയെന്ന് കണ്ട് ഈയിടെ ഒരു കശ്മീരി യുവാവും ജയില്‍ മോചിതനായിരുന്നു.