ചെന്നൈ- വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി വെട്ടിപ്പ് നടത്തിയ നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. അഴിമതിക്കെതിരായ പോരാട്ടമൊക്കെ സിനിമയില്‍ മാത്രം മതിയോ എന്നും ശിക്ഷ വിധിച്ച ശേഷം ജസ്റ്റിസ് എം. സുബ്രഹ്‌മണ്യം ചോദിച്ചു. വിജയ് ഈ അടുത്ത് സ്വന്തമാക്കിയ റോള്‍സ് റോയ്സ് ഗോസ്റ്റ് വിഭാഗത്തില്‍പ്പെടുന്ന കാറിനാണ് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. നടനില്‍നിന്ന് ഈടാക്കിയ പിഴ തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.
വിജയ് സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ ശേഷമാണ് കോടതി വിധി. വിജയ് ഉള്‍പ്പെടെയുള്ള ചില നടന്‍മാര്‍ക്ക് നിരവധി ആരാധകരുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ ഹീറോ പരിവേഷമാണ് ആരാധകര്‍ ഇവര്‍ക്ക് നല്‍കുന്നത്. ഇക്കാരണത്താല്‍ തന്നെയാണ് പലപ്പോഴും ഇത്തരം നടന്മാര്‍ ഭരണാധികാരികളായതും. അപ്പോള്‍ അവര്‍ വെറും 'റീല്‍ ഹീറോസ്' മാത്രമാകരുത്. ഇത്തരം പ്രവൃത്തികള്‍ ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായാണ് വ്യാഖാനിക്കപ്പെടുന്നതെന്ന് കോടതി വിമര്‍ശിച്ചു. ഈ മാസം എട്ടാം തീയതിയാണ് പിഴ വിധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
നടനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് ആരാധകരുണ്ടായതും. ടാക്സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നു. അവര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടും സിനിമ കാണുന്നതുകൊണ്ടുമാണ് താരത്തിന് ആഡംബര കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഓര്‍ക്കാമായിരുന്നു. സാധാരണക്കാര്‍ നികുതി അടയ്ക്കാനും നിയമത്തിന് അനുസരിച്ച് ജീവിക്കാനും ശീലിക്കുമ്പോള്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരുടെ ഇത്തരം പ്രവണതകള്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം പറഞ്ഞു.