റിയാദ്- പെർമിറ്റില്ലാത്ത ഹജ് തീർഥാടകരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താൻ ശ്രമിക്കുന്നവർക്ക് 50,000 റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. നിയമ ലംഘകരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും. ഹജ് പെർമിറ്റില്ലാതെ കടത്താൻ ശ്രമിക്കുന്ന തീർഥാടകരുടെ എണ്ണത്തിനനുസരിച്ച് ഡ്രൈവർമാർക്ക് ഇരട്ടി തുക പിഴ ചുമത്തും. അനധികൃത തീർഥാടകരെ കടത്താൻ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമ നടപടികളും സ്വീകരിക്കും. പെർമിറ്റില്ലാത്ത ഹാജിമാരെ കടത്താൻ ശ്രമിച്ച് കുടുങ്ങുന്ന വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തുകയും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും.
പെർമിറ്റില്ലാതെ ഹജ് നിർവഹിക്കാൻ ശ്രമിച്ച് പിടിയിലാകുന്ന വിദേശികളെ വിരലടയാളം രേഖപ്പെടുത്തി സൗദിയിൽ നിന്ന് നാടുകടത്തുകയും സൗദിയിൽ വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് പത്തു വർഷത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. രാജ്യത്തുനിന്ന് നാടുകടത്തുന്ന ഏതു വിദേശിക്കും ഹജും ഉംറയും നിർവഹിക്കാനല്ലാതെ പിന്നീട് രാജ്യത്ത് പ്രവേശിക്കാൻ കഴിയില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.