ന്യൂദൽഹി- സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്കെതിരെ പരാതിയുമായി രംഗത്തെത്തിയ ജസ്റ്റീസ് ജെ. ചെലമേശ്വറിന് പിന്തുണയുമായി കൂടുതൽ ജഡ്ജിമാർ രംഗത്ത്. ചെലമേശ്വറിന്റെ വീട്ടിലേക്ക് പിന്തുണയറിയിച്ച് നാലു ജഡ്ജിമാരെത്തി. അതിനിടെ അറ്റോർണി ജനറൽ കെ.കെ വേണുഗോപാലുമായി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര കൂടിക്കാഴ്ച്ച നടത്തും. ജസ്റ്റിസ് ജെ ചെലമേശ്വർ, ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ് മദൻ ബി ലോകുർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ ഇന്ന് രാവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഉന്നതയോഗം വിളിച്ചുകൂട്ടിയ പ്രധാനമന്ത്രി നിയമമന്ത്രിയുമായും ചർച്ച നടത്തി.
ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായി ഇന്ന് രാവിലെയാണ് സുപ്രീം കോടതിയിൽ അസാധാരണസംഭവങ്ങൾ അരങ്ങേറിയത്. സുപ്രീം കോടതിയുടെ ഭരണം കുത്തഴിഞ്ഞുവെന്നും ചരിത്രം നാളെ തങ്ങളെ കുറ്റക്കാരാണെന്ന് വിധിക്കാതിരിക്കാൻ ജനങ്ങളോട് കാര്യം തുറന്നുപറയുകയാണെന്നും ചൂണ്ടിക്കാട്ടി ജസ്റ്റീസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിൽ ജഡ്ജിമാർ പത്രസമ്മേളനം വിളിച്ചു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്കെതിരെയാണ് ആരോപണം. മെഡിക്കൽ കോഴ കേസിൽ ജസ്റ്റീസ് ദീപക് മിശ്രയെ കൂടി ആരോപണത്തിന്റെ നിഴലിൽ നിർത്തിയ സംഭവത്തിന്റെ തുടർച്ചയായാണ് ഇന്നത്തെ സംഭവങ്ങൾ. നാലു ബെഞ്ചുകൾ നിർത്തിവെച്ചാണ് ജഡ്ജിമാർ പുറത്തെത്തി പത്രസമ്മേളനം വിളിച്ചത്.
ചീഫ് ജസ്റ്റീസിനെ കണ്ട് ഇക്കാര്യങ്ങളെല്ലാം പരാതി നൽകിയിരുന്നുവെന്നും എന്നാൽ ഇതിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ജഡ്ജിമാർ ആരോപിച്ചു. ജസ്റ്റിസ് ജെ ചെലമേശ്വർ, ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ് മദൻ ബി ലോകുർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവരാണ് കോടതികൾ നിർത്തിവെച്ച് പത്രസമ്മേളനം വിളിച്ചത്.