വിനയം മൂത്ത് പറയുകയല്ല, വിശേഷിച്ചൊരു സിദ്ധിയും എനിക്കുള്ളതായി തോന്നിയിട്ടില്ല. തല തിരിഞ്ഞോ എന്നു ശങ്കിക്കാവുന്ന ലക്ഷണവും കാണുന്നില്ല. പക്ഷേ കാണാൻ വയ്യാത്ത ആരോ ഒരാളുടെ സാന്നിധ്യം ചിലപ്പോൾ ഒരു നിമിഷം അനുഭവപ്പെടുന്നു, അടുത്ത നിമിഷം അപ്രത്യക്ഷമാകുന്നു. സിരാപടലത്തിലെ വ്യാഖ്യാനിക്കാൻ വയ്യാത്ത ഏതോ വികൃതികൊണ്ടാണ് അങ്ങനെ തോന്നുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ ആധികാരികമായി പറയുന്നതു കേട്ടു. അവിടുന്നാണ് ഈ കുറിപ്പിന്റെ തുടക്കം.
ചർച്ച ചെയ്യപ്പെട്ട അനുഭവസാന്നിധ്യത്തിന് രണ്ടു തലങ്ങളുള്ളതായി തോന്നി. ഒന്ന്, ആരോ ഒരാൾ നമ്മെ പിന്തുടരുന്നുവെന്നു തോന്നുക. രണ്ട്, നമ്മളെ വക വരുത്താൻ വേണ്ടിയാണ് പിന്തുടരൽ എന്ന് സംശയിക്കുകയോ പേടിക്കുകയോ ചെയ്യുക. രണ്ടാമത്തെ നിഗമനം എനിക്ക് അത്ര ബോധിച്ചില്ല. ചിലപ്പോഴൊക്കെ പിന്തുടരുന്ന ആൾ നമുക്ക് എന്തെന്നില്ലാത്ത ഒരു സമാധാനം, സുരക്ഷിതത്വം, പകരുന്നില്ലേ? ഉണ്ടെന്നാണ് അവിദഗ്ധമായ എന്റെ നിരീക്ഷണത്തിലെ സൂചന.
ഞങ്ങൾ രണ്ടു പേർ മാത്രമുള്ള വീട്ടിൽ ഉണ്ണാനിരിക്കുമ്പോൾ മൂന്നാമതൊരാൾ കൂടി വരാനുണ്ടെന്നു തോന്നുക. വാതിൽ പൂട്ടി പുറത്തിറങ്ങുമ്പോൾ മൂന്നാമതൊരാൾ കൂടി ഒപ്പം വരുന്നുവെന്ന് ഉറപ്പ് വരുത്തുക. ഞാൻ വാതിൽ ചാരുമ്പോൾ അങ്ങേപ്പുറത്ത് ആരോ അനങ്ങുക. ഒരു ദിവസം ഞാൻ ശ്രീമതിയോടു പറഞ്ഞു, 'ഒരാൾ കൂടി ഇവിടെ ഉള്ളതു പോലെ.' അവർ ചിരിച്ചു കളഞ്ഞു. ഇവിടെ നമ്മൾ രണ്ടു പേരല്ലാതെ ആരുണ്ടാകാനാ?
ഈ അപരസാന്നിധ്യം അത്രതന്നെ സാർവത്രികമായി അനുഭവപ്പെടുന്നതല്ല. നമ്മെ വകവരുത്താൻ ആയുധവുമായി ഒരാൾ പിൻപറ്റി നടക്കുന്നുവെന്ന് തോന്നൽ ഏറെ പേർക്കുണ്ടാവും. നമ്മളെ അപായപ്പെടുത്താൻ പല ഏജൻസികളും തക്കം പാർത്തിരിക്കുകയാണെന്ന് വിചാരം തീർത്തും രോഗാതുരമാകുന്നു. അതുപോലത്തെ മിഥ്യാദർശനം ചികിത്സിച്ചു ഭേദമാക്കാൻ പറ്റുന്ന മനോരോഗമാണ്. അതിനിടെ ഞാൻ വാദിച്ചുനോക്കി, അദൃശ്യനായ അപരന്റെ സാന്നിധ്യം അനുഭവിക്കുന്നവരെ ഏതു ഗണത്തിൽപെടുത്തും? ആ അപരനാകട്ടെ, സൈ്വരവും സുരക്ഷയുമാണ് അനുഭവസ്ഥന് പകർന്നു നൽകുന്നതും.
നല്ലവരും അറിവുള്ളവരുമായ എത്രയോ ചങ്ങാതിമാർ അങ്ങനെ കണ്ണാൽ കാണാത്ത ഒരു സാന്നിധ്യത്തിന്റെ രക്ഷാവലയത്തിൽ പുലരുന്നവരാണ് തങ്ങൾ എന്നു വിശ്വസിക്കുന്നവരാണ്. നാമരൂപങ്ങളില്ലാത്ത എന്തോ ഒന്ന് തങ്ങളുടെ രക്ഷക്കായി വർത്തിക്കുന്നുവെന്ന വിശ്വാസം അവരുടെ കൂമ്പിയ കണ്ണുകളിലൂടെ ഒഴുകി വീഴുന്നു. മറ്റു ചിലർ വിഘ്‌നങ്ങൾ അകറ്റാനും ഐശ്വര്യസിദ്ധിക്കുവേണ്ടിയും പ്രാർഥിക്കുന്നു. പേരറിയാത്ത ഒരു രസികൻ ഇത്ര കൂടി ഏറ്റു പറയുകയുണ്ടായി, 'എല്ലായിടത്തുമുള്ള നിന്നെ കാണാൻ ഞാൻ തീർഥയാത്ര പോകുന്നു.' സുരക്ഷ പ്രദാനം ചെയ്യുന്ന ആ അപരന്റെ അനുഭവം മസ്തിഷ്‌കത്തിലെ ചില മറിമായം കൊണ്ട് ഉണ്ടാകുന്നതാണെന്ന് വാദിക്കുന്നവരും ആ അനുഭവത്തെ തള്ളിപ്പറയുന്നവരും കുറവല്ല, കൂടുതലാണെന്നു തന്നെ പറയാം. അത്തരം മതാനുഭൂതികളെ മനസ്സിലാക്കാൻ ശ്രമിച്ച മനശ്ശാസ്ത്ര ദാർശനികനായിരുന്നു വില്യം ജയിംസ്. ആ അനുഭൂതികളുടെ വൈവിധ്യത്തെപ്പറ്റിയുള്ള ഗ്രന്ഥത്തിൽ വില്യം ജയിംസ് അവയെ കളിയാക്കുന്നവരെ ഒന്നു കുടയുകയുണ്ടായി. എന്തും ഏതും ഭൗതികതയുടെ പരിമിതിയിൽ, വൈദ്യശാസ്ത്രത്തിന്റെ മാത്രം വെളിച്ചത്തിൽ, മനസ്സിലാക്കുന്ന ആ പ്രവണതയെ അദ്ദേഹം വൈദ്യശാസ്ത്രപരമായ ഭൗതികവാദം- മെഡിക്കൽ മെറ്റീരിയലിസം - എന്നു വിളിച്ചു.
മൂന്നാമതൊരാളുടെ സാന്നിധ്യം ചർച്ച ചെയ്യപ്പെടാൻ ഗൗരവമായി തുടങ്ങിയത് ഏണസ്റ്റ് ഷേക്കിൾടൺ എന്ന ഒരു സാഹസികസഞ്ചാരിയുടെ വിചിത്രമായ അനുഭവത്തിനുശേഷമായിരുന്നു. അന്റാർട്ടിക് സമുദ്രം തരണം ചെയ്യുകയായിരുന്നു ഷേക്കിൾടണും സംഘവും. ഇടക്കു വെച്ച് കൊടുംകാറ്റിൽ പെട്ട അവരുടെ കപ്പൽ മറിയുകയും സഞ്ചാരികൾ വെള്ളത്തിലാവുകയും ചെയ്തു. തണുത്തുറഞ്ഞ ധ്രുവസമുദ്രത്തിൽ വീണവർ മിക്കവരും മരണപ്പെട്ടു. സഹനശക്തി എന്ന് അർഥം വരുന്ന എൻഡുറൻസ് എന്ന കപ്പലിൽ ഉണ്ടായിരുന്നവരിൽ ഷേക്കിൾടൺ ഉൾപ്പെടെ മൂന്നു പേർ രക്ഷപ്പെട്ടു.
കപ്പലിൽനിന്ന് അവർ ഒരു തുറന്ന വഞ്ചിയിൽ കയറിക്കൂടി. എങ്ങനെയോ തെക്കൻ ജോർജിയ എന്ന പ്രവിശ്യയിലെ ഒരു മീൻ പിടുത്ത തുറമുഖത്തെത്തി. അവിടന്നങ്ങോട്ട് നീണ്ട നടത്തവും വിശ്രമവുമായിരുന്നു. 'ഇനി വയ്യ' എന്നു തോന്നി, നടത്തം എന്നെന്നേക്കുമായി അവസാനിപ്പിക്കാമെന്നു തീരുമാനിക്കാനിരുന്ന നേരത്ത് തനിക്കൊപ്പം ഉണ്ടായിരുന്ന സഞ്ചാരിയുടെ കൂടെ ഒരാൾ കൂടി ഉള്ളതായി തോന്നി. തോറ്റുപോകരുത് എന്ന മൗനസന്ദേശം പകർന്നുതന്ന ആ മൂന്നാമതൊരാളെപ്പറ്റി അപ്പോൾ അദ്ദേഹം ഏറെ ചിന്തിച്ചില്ല. മറ്റു രണ്ടു സഞ്ചാരികൾക്കും അതേ അനുഭവം ഉണ്ടായി. അവരുടെ ഒപ്പം നടന്നിരുന്ന സഞ്ചാരിയുടെ പിന്നിലും മുന്നിലുമായി പരിചയമില്ലാത്ത ഒരാൾ പ്രത്യക്ഷപ്പെടുന്നു.
തന്റെ ചുറ്റും വന്നും പോയും തെളിയുന്ന, പക്ഷേ മൂന്നു മാനങ്ങളില്ലാത്ത, തൊട്ടാൽ തൊടാത്ത, ആ സാന്നിധ്യത്തെപ്പറ്റി ഷേക്കിൾ ടൺ ഏറെ ആലോചിച്ചു. യുക്തിയും ഭാവനയും തമ്മിൽ ഏറ്റുമുട്ടി. ആത്മനിഷ്ഠമായ ആ അനുഭവം വസ്തുനിഷ്ഠമാണോ എന്ന അന്വേഷണമായി. അതിന്റെ ഭാഗമായി അദ്ദേഹം മറ്റു രണ്ടു സഞ്ചാരികളോടുകൂടി സംസാരിച്ചു. ഷേക്കിൾടൺ അനുഭവിച്ചതുപോലെ അവരും മൂന്നാമതൊരു സാന്നിധ്യം കണ്ടറിഞ്ഞിരുന്നു. സുരക്ഷയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരു സാന്നിധ്യം. മറ്റു രണ്ടു പേർക്കും അനുഭവപ്പെട്ടത് ഷേക്കിൾടൺ അനുഭവിച്ചതുപോലൊരു രൂപമായിരുന്നു. പക്ഷേ അതേ രൂപമായിരുന്നില്ല, അതുപോലത്തെ രൂപം. വായുവിൽ വെളിച്ചം കൊണ്ടു വരച്ചിടുന്ന ഒരു രൂപം എന്നു പറയാം. തന്റെ ഭ്രമകൽപനയാണ് ഇതൊക്കെയെന്ന് സ്വബോധമുള്ള സുഹൃത്തുക്കൾ തള്ളിക്കളയുമോ എന്നു ഭയന്ന ഷേക്കിൾടൺ ആദ്യമാദ്യം അതിനെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. മറ്റു സഞ്ചാരികൾക്കും അതേ അനുഭവം ഉണ്ടായപ്പോഴേ അതിനെപ്പറ്റി സംസാരിക്കാൻ തന്നെ അദ്ദേഹം ധൈര്യപ്പെട്ടിരുന്നുള്ളു.
ഷേക്കിൾടൺ അനുഭവിച്ച അപരസാന്നിധ്യത്തിന് ചിലർ മൂന്നാമൻ ഘടകം എന്നു പേർ ചൊല്ലി. ശാസ്ത്രജ്ഞർ ആ വഴിയേ നീങ്ങും മുമ്പേ ടി. എസ് എലിയട്ട് എന്ന ആധുനികകവിതയുടെ പ്രണേതാവ് അതേപ്പറ്റി എഴുതിയിരുന്നു. ഉപനിഷത്തിലെ ശാന്തി മന്ത്രം കൊണ്ട് അവസാനിക്കുന്ന പാഴ്‌നിലം - ദ വേയ്സ്റ്റ്‌ലാന്റ് - എന്ന കവിതയിൽ 'മൂന്നാമതൊരാൾ' പ്രത്യക്ഷപ്പെട്ടു. 'നിന്നോടൊപ്പം എപ്പോഴും നടക്കുന്ന മൂന്നാമൻ ആർ? ഞാൻ എണ്ണുമ്പോൾ നീയും ഞാനും മാത്രമേയുള്ളു. വെണ്മയാർന്ന വഴിയുടെ അറ്റത്തേക്കു ഞാൻ നോക്കുമ്പോൾ, നിന്നോടൊപ്പം എപ്പോഴും മൂന്നാമതൊരാൾ നടക്കുന്നത് കാണ്മൂ.'
കവിതയിൽ എലിയട്ടിന്റെ നവീനത പുലർത്തുന്ന ആളായിരുന്നില്ല ജി. ശങ്കരക്കുറുപ്പ്. പക്ഷേ ശാന്തിമന്ത്രം ഉരുക്കഴിക്കുന്ന എലിയട്ടിന്റെ ആധ്യാത്മികത ജി.യിൽ കൂടുതൽ മുറ്റിനിന്നു. മൂന്നാമതൊരാളെ തിരയുന്ന എലിയട്ടിനെപ്പോലെയല്ലെങ്കിലും, ദിവ്യസാന്നിധ്യം ആവഹിക്കാനും ആവിഷ്‌ക്കരിക്കാനും എന്നും ഉത്സുകമായിരുന്നു ജിയുടെ കാവ്യഭാവന. ഒരിടത്ത് അദ്ദേഹം വേദനയുടെയും പരിഭവത്തിന്റെയും ഭാഷയിൽ സംസാരിക്കുന്നു: 'ആരെ ഞാൻ അന്വേഷിപ്പതാ തേജഃപുഞ്ജം തന്നെ തീരെയില്ലെന്നോതുന്ന നാവെനിക്കവിശ്വാസ്യം'. ഗുരുകൽപനായ ടഗോറിന്റെ ഗീതങ്ങളിലും സൂഫി കവികളുടെ വചനങ്ങളിലും തൊട്ടാൽ തൊടാതെ പോകുന്ന ഒരു സാന്നിധ്യം വിളങ്ങുന്നതു കാണാം.
ഷേക്കിൾടൺ തന്റെ അപരാനുഭവം വിവരിച്ചതിനുശേഷമേ പലയിടത്തും മൂന്നാമതൊരാളെപ്പറ്റി ഗവേഷണം തുടങ്ങിയുള്ളു. തനിക്കു ചുറ്റും കറങ്ങുന്ന ഒരാളെപ്പറ്റി വിസ്തരിക്കുന്നവരുടെ അനുഭവവും ആലോചനയും പകർത്തിയെടുക്കാനാണ് ശാസ്ത്രജ്ഞരുടെ ശ്രമം. അക്കൂട്ടത്തിൽ പെടുത്താവുന്നതാണ് ആൻഡ്രു ന്യൂബെർഗ് എന്ന പെൻസിൽവാനിയ പ്രൊഫസർ വിശ്വാസികളുടെയും അവിശ്വാസികളുടെയും തല സ്‌കാൻ ചെയ്തു നടത്തിയ അന്വേഷണം. അവിശ്വാസികളിൽ കാണാത്ത ഒരു നിഴൽ വിശ്വാസികളുടെ തലച്ചോറിൽ കണ്ടുവത്രേ. ദൈവത്തിന്റെ ഛായ എന്ന് ഏവരും ഉടൻ വിധി പറഞ്ഞു.
ഷേക്കിൾടണെ പോലെ നമ്മൾ പലരും അനുഭവിച്ചിട്ടുള്ള അപരസാന്നിധ്യം മനസ്സിലാക്കാൻ തകൃതിയായി പരീക്ഷണം നടക്കുന്നു. തലച്ചോറിന്റെ ഒരു ഭാഗത്ത് ക്ഷതം പറ്റിയാൽ അനുഭവിച്ചറിഞ്ഞ പലതും മാഞ്ഞുപോയിരിക്കാം. അതേരീതിയിൽ ക്ഷതം പറ്റാതിരിക്കുകയോ സുഖപ്പെടുകയോ ചെയ്യുന്ന മസ്തിഷ്‌കഭാഗത്ത് പരിചിതമല്ലാത്ത 'മൂന്നാമതൊരാൾ ഘടകം' രൂപപ്പെട്ടുകൂടേ?
മനസ്സിന്റെ അറ്റത്തും അങ്ങേപ്പുറത്തും സംഭവിക്കുന്ന സാഹസചലനങ്ങൾ എന്തിനെയെല്ലാം നശിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുമെന്ന് ആര് കണ്ടു എന്ന ചോദ്യത്തോടെയാണ് മൂന്നാമതൊരാളെപ്പറ്റി അഡ്വെഞ്ചർ ജർണൽ ഉപന്യസിക്കുന്നത്. അതിന്റെ തുടർച്ചയായി, അപരാനുഭവത്തിന്റെ ഉള്ളുകള്ളിയെപ്പറ്റിയുള്ള അന്വേഷണവും വരുന്നു. തലച്ചോറിൽ വൈദ്യുതരേണുക്കൾ നിശ്ചിതരീതിയിൽ കടത്തിയാൽ അപരസാന്നിധ്യത്തോട് അതെങ്ങനെ പ്രതികരിക്കുന്നുവെന്നു മനസ്സിലാക്കാം. അപരസാന്നിധ്യത്തിന്റെ രൂപഭാവഭേദങ്ങൾ വ്യക്തമാകാം. പക്ഷേ പരീക്ഷണം നടത്തുന്നതെല്ലാം അപരാനുഭവം ഉൾക്കൊള്ളുന്ന തലച്ചോറിലാണല്ലോ, അതിലൂടെ കാണുന്ന തൃതീയസാന്നിധ്യത്തിലല്ല. കാണിയാണ് മുമ്പിൽ, കാഴ്ചയല്ല.