കൊച്ചി- പ്രവാസികള്‍ക്ക് അര്‍ഹതപ്പെട്ട നികുതി ആനുകൂല്യങ്ങള്‍ ലഭിക്കുവാനും പ്രവാസി നികുതിയെ അടുത്തറിയാനും ബോധവല്‍ക്കരണവുമായി മുന്‍ പ്രവാസി.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ശ്രീജിത്ത് കുനിയിലാണ് പ്രവാസികള്‍ക്ക് 'പ്രവാസിടാക്സ്' എന്ന പ്ളാറ്റ്ഫോമിലൂടെ ഇന്‍കം ടാക്സ് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു വരുന്നത്.
പ്രവാസിയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിഷയമാണ് ഇന്ത്യയിലെ ആദായ നികുതി. എന്‍ആര്‍ഐ എന്ന നിലയില്‍, സ്വന്തം സാമ്പത്തിക ഇടപാടുകള്‍, ഇന്ത്യയിലെ നിക്ഷേപങ്ങള്‍ എന്നിവയില്‍ മാറിക്കൊണ്ടിരിക്കുന്ന നികുതി നിയമങ്ങള്‍ മനസ്സിലാക്കുന്നതും ആദായനികുതി ചട്ടങ്ങള്‍ പാലിക്കുന്നതും കഠിനമായ ജോലിയെണെന്ന തെറ്റിദ്ധാരണയാണ് പല പ്രവാസികളെയും നികുതിയെന്ന വിഷയത്തോട് പൊരുത്തപ്പെടാന്‍ നിരുത്സാഹപ്പെടുത്തുന്നതെന്ന് ശ്രീജിത്ത് പറയുന്നു.
പ്രവാസികള്‍ക്കായുള്ള ആദായനികുതി ചട്ടങ്ങളിലെ അജ്ഞത തന്നെയാണ് ഒട്ടുമിക്ക പ്രവാസികള്‍ക്കും അര്‍ഹതപ്പെട്ട നികുതി റീഫണ്ട് പോലും ലഭിക്കാതെ പോകുന്നത്തിനുള്ള മുഖ്യ കാരണം. പ്രവാസികള്‍ക്കായുള്ള നികുതി നിയമങ്ങളെ കുറിച്ചുള്ള ധാരണക്കുറവ് മൂലം പല പ്രവാസികളും ബാങ്ക് ഇടപാട് നടത്തുമ്പോള്‍ അനാവശ്യ ചാര്‍ജുകള്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ടി വരുന്നതും മറ്റൊരു യഥാര്‍ഥ്യമാണ്. അജ്ഞത മൂലം നികുതി നിയമങ്ങള്‍ പാലിക്കാതെ ശിക്ഷകള്‍ക്കും നിയമ നടപടികള്‍ക്കും വിധേയരാവേണ്ടി വന്ന പ്രവാസികളും നമ്മള്‍ക്കിടയിലുണ്ട്.
വേള്‍ഡ് മലയാളി അസോസിയേഷന്, കുവൈത്തിലെ ഇന്‍ഡ്യന്‍ ഡോക്ടേഴ്സ് ഫോറം, സൗദി അറേബിയയിലെ കസവ് തുടങ്ങിയ പ്രമുഖ സംഘടനകള്‍ ഉള്‍പ്പെടെ മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങി രാജ്യങ്ങളിലും ഇതിനോടകം പ്രവാസിടാക്സ് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ പരിചയ സമ്പന്നരായ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ക്ലബ് ഹൗസില്‍ പ്രവാസികളുടെ നികുതിയെ സംബന്ധിച്ച ചോദ്യോത്തര സെഷനും പ്രവാസിടാക്സ് സംഘടിപ്പിച്ചു വരുന്നുണ്ട്.
ഇതുവരെ സംഘടിപ്പിച്ച ചര്‍ച്ചകളുടെയും ക്ലാസ്സുകളുടെയും അടിസ്ഥാനത്തില്‍ ആയിരത്തിലധികം പ്രവാസികള്‍ അവരുടെ നികുതി ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായി തയാറെടുത്തു കഴിഞ്ഞതായും ശ്രീജിത്ത് വ്യക്തമാക്കുന്നു. ഓരോ പ്രവാസിയുടെയും നികുതി മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിനും പൂര്‍ണമായും സുരക്ഷിതമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുമുള്ള മാര്‍ഗ്ഗരേഖകളും പ്രവാസി ടാക്സില്‍ നിന്നും ലഭിക്കുന്നുണ്ട്.
പ്രവാസികള്‍ക്ക് വേണ്ടി മാത്രം പ്രത്യേകം ചിട്ടപ്പെടുത്തിയ അവതരണ രീതിയും ഉള്ളടക്കവുമാണ് പ്രവാസി ടാക്സ് സംഘടിപ്പിക്കുന്ന ഓരോ ബോധവല്‍ക്കരണ പരിപാടികളിലേക്കും പ്രവാസികളെ ആകര്‍ഷിക്കുന്നത്. വേര്‍തിരിവില്ലാതെ ഓരോ പ്രവാസിക്കും അവരവര്‍ക്ക് ബാധകമായ നികുതി നിയമങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ സഹായിക്കുന്നു.
www.pravasitax.com എന്ന വെബ്സൈറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.