ന്യൂദല്‍ഹി- മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. സ്റ്റാന്‍ സ്വാമിയുടേത് കൊലപാതകമാണെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് ആരോപിച്ചു.
ഒരു 84കാരന്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ പറ്റുന്നതാണോ ഇന്ത്യയുടെ ശക്തമായ അടിത്തറയെന്ന് അദ്ദേഹം ചോദിച്ചു. ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും മാനസിക നിലവാരത്തിലേക്ക് അവര്‍ താഴ്‌ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് സഞ്ജയ് റാവത്തിന്റെ വിമര്‍ശനം.
ഇന്ദിരാഗാന്ധി, മോഡി ഭരണകാലത്തെ സംഭവങ്ങളെ സഞ്ജയ് റൗത്ത് താരതമ്യം ചെയ്തു. മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെ പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധി ഭയപ്പെട്ടിരുന്നു. അന്ന് സ്റ്റാന്‍ സ്വാമിയേക്കാള്‍ ചെറുപ്പമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. എന്നാല്‍ മോഡി സര്‍ക്കാര്‍ 84, 85 പ്രായമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭയപ്പെടുകയും വേട്ടയാകുകയുമാണ്. സ്റ്റാന്‍ സ്വാമി ജയിലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും സഞ്ജയ് റൗത്ത് പറഞ്ഞു. കശ്മീരിലെ വിഘടനവാദികളെക്കാള്‍ അപകടകാരികളാണ് മാവോവാദികളും നക്‌സലുകളും എങ്കിലും സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്ന ഒന്നല്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.