ഇടുക്കി-വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡനത്തിന് ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് നാട്ടുകാരുടെ മര്‍ദനം. പ്രതി അര്‍ജുനെ (22) അവസാനവട്ട തെളിവെടുപ്പിനായി എസ്റ്റേറ്റ് ലയത്തിലെത്തിച്ചപ്പോഴായിരുന്നു പെണ്‍കുട്ടിയുടെ അച്ഛനടക്കം ആക്രോശവുമായി പാഞ്ഞടുത്തത്. പോലിസ് ഒപ്പമുണ്ടായിരുന്നിട്ടും പരിസരവാസികളിലൊരാള്‍ വലയം ഭേദിച്ച് പ്രതിയുടെ മുഖത്തടിച്ചു. മറ്റൊരാള്‍ വെട്ടുകത്തി കൊണ്ട് ആക്രമിക്കാനും ശ്രമിച്ചു.
പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് രാവിലെ മുതല്‍ ചുരക്കുളം എസ്റ്റേറ്റില്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. സ്ത്രീകളടങ്ങിയ സംഘം അര്‍ജുനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഏറെ പണിപ്പെട്ടാണ് പ്രതിയെ കൊലപാതകം നടന്ന ലയത്തിനകത്ത് കയറ്റാനായത്.
ശാസ്ത്രീയ തെളിവെടുപ്പിലൂടെ പരമാവധി വകുപ്പുകള്‍ ചുമത്തുകയാണ് പോലിസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് രണ്ടാം തവണയും തെളിവെടുപ്പിന് എസ്റ്റേറ്റിലെത്തിയത്. കൊലപാതക രീതി അര്ജുന് പോലിസിനു മുന്നില്‍ പുനരാവിഷ്കരിച്ചു. ഡമ്മിയടക്കം ഉപയോഗിച്ചുള്ള വിശദമായ തെളിവെടുപ്പാണ് ഇന്നലെ നടത്തിയത്.