Sorry, you need to enable JavaScript to visit this website.

ജനസംഖ്യാ നയം പുറത്തിറക്കി യു.പി സര്‍ക്കാര്‍, രണ്ടു കുട്ടികള്‍ അടുത്തടുത്ത് വേണ്ട

ന്യൂദല്‍ഹി- ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് 2021-2030 ലെ പുതിയ ജനസംഖ്യാ നയം പുറത്തിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതിയ ജനസംഖ്യാ നയത്തില്‍, 2026ഓടെ ജനനനിരക്ക് ആയിരം പേരില്‍ 2.1 ആയും 2030ഓടെ 1.9 ആയും ലക്ഷ്യമിടുന്നു. നിലവില്‍ സംസ്ഥാനത്തെ മൊത്തം ജനനനിരക്ക് 2.7 ശതമാനമാണ്.

ജനസംഖ്യാ നയം അനാവരണം ചെയ്യുന്നതിനിടെ, ജനസംഖ്യ നിയന്ത്രിക്കുന്നതിന് രണ്ട് കുട്ടികള്‍ തമ്മില്‍ സമയത്തിന്റെ നല്ല വിടവ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വര്‍ധിച്ചുവരുന്ന ജനസംഖ്യ വികസനത്തിന് തടസമാണെന്നും ഇത് നിയന്ത്രിക്കാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് സംസ്ഥാന നിയമ കമ്മീഷന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് നയം അനാവരണം ചെയ്തിരിക്കുന്നത്.

കാലാകാലങ്ങളില്‍ ലോകമെമ്പാടും, ജനസംഖ്യ വര്‍ധിക്കുന്നത് വികസനത്തിന് ഒരു തടസമാകുമെന്ന ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നു. ജനസംഖ്യാവളര്‍ച്ചയും ദാരിദ്ര്യവുമായി പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. എല്ലാ സമുദായങ്ങളും 2021-2030 ലെ ജനസംഖ്യാ നയം ശ്രദ്ധിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. ഈ ദിശയില്‍ ശ്രമങ്ങള്‍ നടത്തിയ രാജ്യങ്ങളും സംസ്ഥാനങ്ങളും നല്ല ഫലങ്ങള്‍ കൈവരിച്ചു. എന്നിരുന്നാലും, ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യമാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കണക്കിലെടുത്ത് യു.പി സര്‍ക്കാര്‍ ഈ നയം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News