ന്യൂദല്‍ഹി- യുഎസ് സേനാ പിന്മാറ്റത്തോടെ അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെ ഇന്ത്യ ഒഴിപ്പിക്കാന്‍ ആരംഭിച്ചു. താലിബാന്‍ ഭരണം വീണ്ടും പിടിമുറുക്കിത്തുടങ്ങിയതോടെ കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ 50 ഉദ്യോഗസ്ഥരെയാണ് ഇന്ത്യ തിരിച്ചെത്തിച്ചത്. പ്രത്യേക വ്യോമ സേനാ വിമാനത്തില്‍ ഇവരെ ദല്‍ഹിയിലെത്തിച്ചു. അതേസമയം കോണ്‍സുലേറ്റിലെ അടിയന്തര സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്ന് ഇന്ത്യ അറിയിച്ചു. തെക്കന്‍ നഗരമായ കാണ്ഡഹാറിന്റെ സമീപ പ്രദേശങ്ങളുടെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തിരിക്കുകയാണ്. കാബൂളിലെ എംബസിയും കാണ്ഡഹാറിലേയും മസാറെ ശരീഫിലേയും കോണ്‍സുലേറ്റുകളും പൂട്ടില്ലെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് സേനാ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ താലിബാനുമായി ഇന്ത്യ ചര്‍ച്ചകളും നടത്തിയിരുന്നു. വൈകാതെ അഫ്ഗാന്റെ നിയന്ത്രണം താലിബാന്റെ കരങ്ങളിലെത്തുമെന്നാണ് റിപോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് ഉന്നത താലിബാന്‍ വൃത്തങ്ങളുമായി ഇന്ത്യന്‍ അധികൃതര്‍ ഖത്തറില്‍ ചര്‍ച്ച നടത്തിയത്. നിലവില്‍ അഫ്ഗാന്റെ 85 ശതമാനം മേഖലയും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇത് തള്ളിയിട്ടുണ്ട്.