ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ രാഹുല്‍ ഗാന്ധി രാജിവച്ച ശേഷം ഇതുവരെ പുതിയ ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെങ്കിലും യൂറോപ്പില്‍ അങ്ങനെ അല്ല കാര്യങ്ങള്‍. നേരിട്ട് ഏറ്റുമുട്ടാന്‍ ബിജെപിയോ, രാജ്യത്തിന്റെ ഭരണം പിടിക്കാനുള്ള ശ്രമങ്ങളോ ഒന്നുമില്ലെങ്കിലും ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും കോണ്‍ഗ്രസിന് അധ്യക്ഷന്‍മാരായി. ഇവരില്‍ മദ്യ മുതലാളി തൊട്ട് ശാസ്ത്രജ്ഞൻ വരെ ഉണ്ട്. കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്തത്. ഇന്ത്യന്‍ വംശജരായ ഈ അധ്യക്ഷന്മാരുടെ നിയമനം പ്രഖ്യാപിച്ചത് ഐഒസി അധ്യക്ഷന്‍ സാം പിട്രോഡയാണ്.
ചക്ര ബിയര്‍ ബ്രാന്‍ഡ് ഉടമ ഗരിസോബര്‍ സിങ് ഗില്‍ ആണ് നോര്‍വെയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഗുര്‍മെയില്‍ ഗില്ലിന്റെ മകനാണ് ഗരിസോബര്‍. ഫിന്‍ലന്‍ഡില്‍ യുവ ശാസ്ത്രജ്ഞനായ കോമള്‍ കുമാര്‍ ജവരപ്പയാണ് അധ്യക്ഷന്‍. കോപന്‍ഹേഗനിലെ ഒരു പ്രമുഖ ആശുപത്രിയില്‍ രക്താര്‍ബുദ ഗവേഷകനായ മോളിക്യൂലര്‍ ബയോളജിസ്റ്റാണ് മൈസുരുകാരനായ കോമള്‍. ദില്‍ബാഗ് ഛന്ന (ഇറ്റലി), ജോയ് കൊച്ചാട്ട് (സ്വിറ്റ്‌സര്‍ലന്‍ഡ്), സോണിയ ഹെല്‍ഡ്സ്റ്റഡ്(സ്വീഡന്‍), സുനില്‍ കോറ (ഓസ്ട്രിയ), സുഖീവന്‍ പ്രീത് സിങ് (ബെല്‍ജിയം), ഹര്‍പീന്ദര്‍ സിങ് ഖാഗ് (ഹോളണ്ട്), അമര്‍ജിത് സിങ് (പോളണ്ട്) എന്നിവരാണ് പുതിയ കണ്ട്രി പ്രസിഡന്റുമാര്‍.
സംഘടനയ്ക്ക് 23 യുറോപ്യന്‍ രാജ്യങ്ങളില്‍ സാന്നിധ്യമുണ്ടെന്ന് ഐഒസി യൂറോപ് കണ്‍വീനര്‍ രജ്വീന്ദര്‍ സിങ് പറയുന്നു. ബ്രിട്ടനിലാണ് ഏറെ സജീവം. പുതിയ കണ്ട്രി പ്രസിഡന്റുമാരായി നിയമിക്കപ്പെട്ടവരില്‍ ഏറെ പേരും ബിസിനസുകാരും പ്രൊഫഷനലുകളും അക്കാമദിക രംഗത്തിന്നുമുള്ളവരാണ്. ലോകത്തൊട്ടാകെ കോണ്‍ഗ്രസ് പ്രത്യയശാസ്ത്ര പ്രചാരണമാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.