ചോദ്യം: സൗദിയിലും സൗദിക്ക് പുറത്തും ജനിച്ച കുട്ടികളെ രജിസ്റ്റർ ചെയ്യാൻ വൈകിയാൽ പിഴയുണ്ടോ
ഉത്തരം: സൗദിയിൽ ജനിച്ച കുട്ടികളെ രജിസ്റ്റർ ചെയ്ത് ഇഖാമയെടുക്കാൻ ഒരുവർഷത്തിൽ അധികം വൈകിയാൽ 1,000 റിയാലും സൗദിക്ക് പുറത്ത് ജനിച്ച കുട്ടിയാണെങ്കിൽ രാജ്യത്ത് പ്രവേശിച്ചതിന് ശേഷം മൂന്ന് മാസത്തിലേറെ വൈകിയാൽ 500 റിയാലും പിഴ ഒടുക്കേണ്ടിവരും.
ചോദ്യം; കമ്പനികൾക്കെതിരെ ജോലിക്കാർക്ക് നൽകാവുന്ന പരാതികൾ എന്തെല്ലാം ?
ഉത്തരം; മൂന്ന് മാസത്തിൽ അധികം ശമ്പളം നൽകുന്നതിൽ മൂന്ന് മാസത്തിൽ അധികം കാലതാമസം വരുത്തുക, തൊഴിലുടമയും തൊഴിലാളിയും ഒപ്പ് വെച്ച തൊഴിൽകരാറിൽ പ്രതിപാദിച്ച ജോലിക്ക് വിരുദ്ധമായ ജോലി ചെയ്യാൻ നിർബന്ധിക്കുക, മോശമായുള്ള പെരുമാറ്റം, താമസ സൗകര്യം ലഭ്യമാക്കാതിരിക്കൽ, തൊഴിൽ കരാറിലെ ഏതെങ്കിലുമൊരു വ്യവസ്ഥ ലംഘിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ അനുഭവപ്പെട്ടാൽ ജീവനക്കാരന് സ്ഥാപനത്തിനെതിരെ ലേബർ കോടതിയെ സമീപിക്കാം.
ചോദ്യം;വിസിറ്റിംഗ് വിസ എത്ര ദിവസം മുമ്പ് പുതുക്കണം ?
ഉത്തരം; ജവാസാതിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി 24 മണിക്കൂറിന് മുമ്പ് പുതുക്കാം. അതിന് മുമ്പായി വിസിറ്റിംഗ് വിസ പുതുക്കുന്നതിന് സദാദ് പേയ്‌മെന്റ് വഴി 100 റിയാൽ കെട്ടിവെക്കണം. ഇൻഷുറൻസ് തുകയും കെട്ടിവെക്കൽ പുതിയ നിയമം അനുസരിച്ച് നിർബന്ധമാണ്.
ചോദ്യം; സ്‌പോൺസർഷിപ്പ് മാറാൻ പുതിയ കമ്പനി മക്തബുൽ അമൽ, ജവാസാത്, കമ്പനി ഇവിടങ്ങളിലേക്ക് പഴയ കമ്പനി കത്ത് നൽകണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ പുതിയ കമ്പനി നെറ്റിലൂടെ അപേക്ഷിച്ചാൽ ഞാൻ ഒ.കെ ആക്കും എന്ന് ശഠിക്കുന്നു. ഇതിൽ ഏതാണ് ശരി ?
ഉത്തരം; ജവാസാത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴിയോ മുഖീം വഴിയോ പുതുതായി ചേരുന്ന കമ്പനി താങ്കളുടെ സേവനത്തിനായി ത്വലബ് ചെയ്താൽ (അപേക്ഷിച്ചാൽ) നിലവിലെ സ്‌പോൺസർക്ക് തൊഴിലാളിയെ വിട്ടുനിൽകുന്നതിന് വിരോധമില്ലെന്ന് ഒ.കെ അടിച്ചാൽ മതി. ഇപ്പോഴുള്ള കമ്പനി ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെടുന്നെങ്കിലാണ് ഈ നടപടി. റെഡ് കാറ്റഗറിയിലാണെങ്കിൽ പഴയ കമ്പനിയുടെ സമ്മതം തേടാതെ തന്നെ പുതിയ കമ്പനിക്ക് താങ്കളുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാം. റിലീസ് നൽകുന്നതിന് വിരോധമില്ലെന്ന് മുഖീം ഓൺലൈൻ സർവീസ് വഴി നിലവിലെ സ്‌പോൺസർക്ക് എൻ.ഒ.സി നൽകാനും സാധിക്കും.