മുംബൈ- പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിക്കാന്‍ മുംബൈ റീജനല്‍ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കാളവണ്ടി സമരത്തിനിടെ കാളവണ്ടി തകര്‍ന്നു. കാളവണ്ടിയിലുണ്ടായിരുന്ന നേതാക്കളെല്ലാം താഴെവീണു. പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ 1973ല്‍ അന്ന് പ്രതിപക്ഷമായിരുന്ന മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പാര്‍ലമെന്റിലേക്ക് നടത്തിയ കാളവണ്ടി യാത്രയെ ഓര്‍മ്മിപ്പിച്ചാണ് കോണ്‍ഗ്രസ് ഈ പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കാളവണ്ടി തകര്‍ന്ന് നേതാക്കളെല്ലാം താഴെ വീണത് നാണക്കേടായി. കോണ്‍ഗ്രസ് പരിപാടികളിലെ സാധാരണ കാഴ്ചയായ നിറഞ്ഞ വേദി പോലെയായിരുന്നു കാളവണ്ടിയും. താങ്ങാവുന്നതിലും അപ്പുറം ആളുകള്‍ കയറിയതാണ് വണ്ടി തകരാന്‍ കാരണം. 15 നേതാക്കള്‍ കാളവണ്ടിയില്‍ ഉണ്ടായിരുന്നുവെന്ന് മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗതപ് പറഞ്ഞു. ആര്‍ക്കും പരിക്കില്ലെന്നും തങ്ങള്‍ വീണതല്ല കാര്യമെന്നും സമരം ഉയര്‍ത്തിപ്പിടിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. പെട്രോല്‍ വില വര്‍ധനയ്‌ക്കെതിരെ സംസ്ഥാനത്തൊട്ടാകെ 10 ദിവസം നീളുന്ന സമരമാണ് കോണ്‍ഗ്രസ് നടത്തി വരുന്നത്.
Video: Bullock cart carrying protesting Mumbai Congress workers collapses pic.twitter.com/Izd5gURSzW
— The Indian Express (@IndianExpress) July 10, 2021