ന്യൂദല്‍ഹി- രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസ്സംഘടനയില്‍ പുതുമുഖങ്ങളായി എത്തിയത് 36 പേരാണ്. ഇതോടെ കേന്ദ്ര മന്ത്രിമാരുടെ എണ്ണം 78 ആയി. ഇവരില്‍ ഏതാണ്ട് പകുതിയോളം പേര്‍, കൃത്യമായി പറഞ്ഞാല്‍ 33 പേര്‍ (42%) പല ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടവരാണ്. 24 പേര്‍ കൊലപാതകം, വധശ്രമം, കവര്‍ച്ച തുടങ്ങി ഗൗരവമേറിയ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു ഇവര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ചാണ് എഡിആര്‍ റിപോര്‍ട്ട് തയാറാക്കിയത്. മന്ത്രിസഭ വികസിച്ച്‌പ്പോള്‍ ക്രിമിനല്‍ കേസ് പ്രതികളായ മന്ത്രിമാരുടെ എണ്ണവും മൂന്ന് ശതമാനം വര്‍ധിച്ചു. 2019ല്‍ 39 ശതമാനമായിരുന്നു.
പുതിയ മന്ത്രിസഭയില്‍ 90 ശതമാനം പേരും കോടീശ്വരന്മാരാണെന്നും റിപോര്‍ട്ട് പറയുന്നു. 70 മന്ത്രിമാര്‍ക്കും കോടികളുടടെ പ്രഖ്യാപിത ആസ്തിയുണ്ട്. മന്ത്രിസഭയിലെ ഏറ്റവും സമ്പന്നര്‍ നാലു പേരാണ്. ജ്യോതിരാദിത്യ സിന്ധ്യ (379 കോടി), പിയൂഷ് ഗോയല്‍ (95 കോടി), നാരായണ റാണെ (87 കോടി), രാജീവ് ചന്ദ്രശേഖര്‍ (64 കോടി) എന്നിവരാണ് ഈ മന്ത്രിമാര്‍. ബാക്കി കോടീശ്വരന്മാരായ മന്ത്രിമാര്‍ക്കെല്ലാം 50 കോടി രൂപയില്‍ താഴെയാണ് ആസ്തി. മന്ത്രിമാരുടെ ശരാശരി ആസ്തി 16.24 കോടി രൂപയാണ്.
ഏറ്റവും കുറവ് ആസ്തി ത്രിപുരയില്‍ നിന്നുള്ള പുതിയ മന്ത്രി പ്രതിമ ഭൗമികിനാണ്. ആറ് ലക്ഷം രൂപ. ഏറ്റവും കുറവ് ആസ്തിയുള്ള മന്ത്രിമാരില്‍ അഞ്ചാമനാണ് മലയാളിയായ വി. മുരളീധരന്‍.