തിരുവനന്തപുരം- അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗുരുതര വീഴ്ച വന്നുവെന്ന പരാതിയില്‍ മുതിര്‍ന്ന നേതാവ് ജി. സുധാകരനെതിരേ അന്വേഷണം. സംസ്ഥാന സെക്രട്ടറേറിയറ്റ് അംഗങ്ങളായ എളമരം കരീമും കെ.ജെ. തോമസും അടങ്ങുന്ന കമ്മീഷനാണ് അന്വേഷിക്കുക. അതൊടൊപ്പം തന്നെ പാല, കല്‍പറ്റ മണ്ഡലങ്ങളിലെ പരാജയം അതത് ജില്ലാ കമ്മിറ്റികള്‍ പരിശോധിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായിട്ടുണ്ട്.
അമ്പലപ്പുഴയില്‍ ആദ്യഘട്ടത്തില്‍ ജി. സുധാകരന്‍ വിട്ടുനിന്നത് മണ്ഡലത്തില്‍ തോല്‍വിക്ക്‌പോലും കാരണമാകുമോ എന്ന ആശങ്ക സി.പി.എമ്മിനും അവിടത്തെ സ്ഥാനാര്‍ഥിക്കും ഉണ്ടായിരുന്നു. ജി. സുധാകരനെ മാറ്റി എച്ച്. സലാമിനെ സ്ഥാനാര്‍ഥിയാക്കാനുളള തീരുമാനം സി.പി.എം സംസ്ഥാന സമിതിയാണ് കൈക്കൊണ്ടത്.
ആദ്യഘട്ടത്തില്‍ സലാമിനെതിരേ പോസ്റ്റര്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. എസ്.ഡി.പി.ഐക്കാരനായിട്ടുളള ഒരാളാണ് സലാം എന്ന് തുടങ്ങി വ്യക്തിഹത്യ നടത്തുന്ന രീതിയിലുളള പല പ്രചാരണങ്ങളും ഉണ്ടായി. എന്നാല്‍ ഇതിനെ പ്രതിരോധിക്കാനോ, മറുപടി നല്‍കാനോ ജി. സുധാകരന്‍ തയാറായില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ട ഒരാളായിരുന്നു സുധാകരന്‍. പക്ഷേ അത് ചെയ്യാനുളള മനസ്സ് കാണിച്ചില്ല. ഇതിനെതിരേ ജില്ലാ കമ്മിറ്റിയില്‍ സലാം പരാതി ഉന്നയിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ജി. സുധാകരനെതിരായ പരാമര്‍ശങ്ങളുളള റിപ്പോര്‍ട്ട് സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തത്.
സംസ്ഥാന സമിതിയിലും സുധാകരനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടംഗകമ്മിഷനെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുളളത്.