ചെന്നൈ- കോവിഡ് ലോക്ഡൗണ്‍ ഏതാനും ഇളവുകളോടെ ജൂലൈ 19 വരെ നീട്ടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ കേസുകള്‍ കുറഞ്ഞതിനാല്‍ ഘട്ടം ഘട്ടമായി ഇളവുകല്‍ അനുവദിച്ചുവരികയാണ്. ഭക്ഷണ ശാലകള്‍, ടീ ഷോപ്പുകള്‍, ബേക്കറില്‍, വഴിയോര കച്ചവടങ്ങള്‍ തുടങ്ങിയവ രാത്രി ഒമ്പതു മണി വരെ തുറന്നു പ്രവര്‍ത്തിക്കാം. അതേസമയം കടകളില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണമുണ്ട്. 50 ശതമാനം ഉപഭോക്താക്കളെ മാത്രമെ അനുവദിക്കൂ. എ.സി പ്രവര്‍ത്തിക്കുന്ന കടകളില്‍ മതിയായ വെന്റിലേഷനും തുറന്ന വാതിലുകളും ജനവാതിലുകളും ഉണ്ടായിരിക്കണം.
വിവാഹ പരിപാടികളില്‍ 50 പേര്‍ക്ക് വരെ പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. സ്‌കൂളുകള്‍, കോളെജുകള്‍, ബാറുകള്‍, തീയറ്റുകള്‍, സ്വിമ്മിങ് പൂളുകള്‍, മൃഗശാലകള്‍ തുടങ്ങിയ തുറക്കില്ല. പൊതുജനങ്ങള്‍ പങ്കെടുക്കുന്ന രാഷ്ട്രീയ, സാംസ്‌ക്കാരിക പരിപാടികള്‍ക്കും വിലക്ക് തുടരും. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലെങ്കിലും പുതുച്ചേരിയിലേക്ക് സര്‍വീസ് ആരംഭിച്ചു. സര്‍ക്കാര്‍ നടത്തുന്ന എഴുത്തു പരീക്ഷകള്‍ മാനദണ്ഡങ്ങള്‍ പ്രകാരം പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്താം.