വാഷിങ്ടന്‍- യുഎസ് നഗരമായ ലോസ് ആഞ്ചലസ് മേയര്‍ എറിക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ അമേരിക്കയുടെ അംബാസഡറായി പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്തു. പദവി സ്വീകരിക്കുന്നതായി എറിക് ഗാര്‍സെറ്റി സ്ഥിരീകരിച്ചു. നിലവിലെ സ്ഥാനപതി കെന്നത്ത് ജസ്റ്റര്‍ക്കു പകരമായി അദ്ദേഹം വൈകാതെ ചുമതലയേല്‍ക്കും. ട്രംപ് ഭരണകാലത്തെ ഇന്ത്യയിലെ യുഎസ് അംബാസഡറായ ജസ്റ്ററിനെ നേരത്തെ കൗണ്‍സില്‍ ഓഫ് ഫോറിന്‍ റിലേഷന്‍സ് വിശിഷ്ടാംഗമായി നിയമിച്ചിരുന്നു.
2013 മുതല്‍ ലോസ് ആഞ്ചലസ് മേയറാണ് 50കാരനായ എറിക് ഗാര്‍സെറ്റി. 12 തവണ സിറ്റി കൗണ്‍സില്‍ അംഗമായ അദ്ദേഹം ആറു തവണ കൗണ്‍സില്‍ പ്രസിഡന്റുമായിട്ടുണ്ട്. നഗരപിതാവ് എന്ന നിലയില്‍ ലോസ് ആഞ്ചലസിന്റെ ഭരണത്തില്‍ മികവ് തെളിയിച്ചയാളാണ് ഗാര്‍സെറ്റി. യുഎസിലെ തിരക്കേറിയ വിമാനത്താവളങ്ങള്‍, കണ്ടെയ്‌നര്‍ തുറമുഖം, തിരക്കേറിയ മെട്രോ തുടങ്ങിയവയുടെ മേല്‍നോട്ടവും ഗാര്‍സെറ്റി വഹിച്ചു. ലോകത്തെ ഏറ്റവും വലിയ 97 നഗരങ്ങളുടെ ശൃംഖലയായ സി40 സിറ്റീസ് അധ്യക്ഷന്‍ കൂടിയാണദ്ദേഹം. യുഎസ് നേവി റിസര്‍വ് കംപോണന്റില്‍ 12 വര്‍ഷം ഇന്റലിജന്‍സ് ഓഫീസറായും ഗാര്‍സെറ്റി സേവനം ചെയ്തിട്ടുണ്ട്.