സുവ-കോവിഡിനെതിരായ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ പലരാജ്യങ്ങളും വിവിധ മാര്‍ഗങ്ങളാണ് നടപ്പിലാക്കുന്നത്. വാക്‌സിനേഷന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ആകര്‍ഷമായ പ്രചാരണ പരിപാടികള്‍ ചിലര്‍ നടത്തുമ്പോള്‍ മറ്റുപല രാജ്യങ്ങളും നിര്‍ബന്ധിത വാക്‌സിനേഷനുമായി നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ചെയ്യുന്നത്. ഇപ്പോഴിതാ വാക്‌സിനെടുക്കാത്തവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദക്ഷിണ പസഫിക് രാജ്യമായ ഫിജി.
രാജ്യം കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരെ പൊരുതുന്ന സാഹചര്യത്തിലാണ് ഫിജി എല്ലാ ജോലിക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നത്. ഓഗസ്റ്റ് 15നകം ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയില്‍ പോകണമെന്നാണ് പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്‌നിമറാമ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ ഒന്നിനകം രണ്ടാം ഡോസ് എടുത്തില്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരും ആഗസ്റ്റ് ഒന്നിനകം ആദ്യ ഡോസ് വാക്‌സിനെടുക്കണമെന്നാണ് നിര്‍ദേശം. വാക്‌സിനെടുക്കാത്തവര്‍ക്ക് കനത്ത പിഴയും കമ്പനികള്‍ അടച്ചുപൂട്ടിക്കുമെന്നും ഉത്തരവിലുണ്ട്. രാജ്യത്ത് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്. സാമൂഹികാകലം പാലിക്കല്‍ മാസ്‌ക് ധരിക്കല്‍ തുടങ്ങിയവയിലെല്ലാം വീഴ്ച സംഭവിച്ചതാണ് കോവിഡ് കേസുകള്‍ കുതിച്ചുയരാന്‍ കാണമെന്നാണ് വിലയിരുത്തല്‍. ഫിജിയില്‍ ഇപ്പോള്‍ പ്രതിദിനം 700ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്