തിരുവനന്തപുരം- ഹെലികോപ്‌റ്റർ യാത്രാ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം രംഗത്ത്. താൻ പറഞ്ഞിട്ടാണ് ഹെലികോപ്‌ടർ ഒരുക്കുന്നതിന് റവന്യൂ സെക്രട്ടറി ഉത്തരവിട്ടതെന്നും പ്രസ്‌തുത ഫണ്ട് ഉപയോഗത്തെ സി.എ.ജി എതിർത്തിട്ടില്ലെന്നും കെ.എം.എബ്രഹാം പറഞ്ഞു.
മുഖ്യമന്ത്രി വന്നില്ലായിരുന്നെങ്കില്‍ അടിയന്തിര കേന്ദ്ര സഹായം ലഭിക്കുമായിരുന്നില്ല. ദുരിതാശ്വാസ ഫണ്ടിലെ പത്ത് ശതമാനം സംസ്ഥാന വിഹിതമാണെന്നും ഇതിനു മുമ്പും ദുരിതാശ്വാസ ഫണ്ട് ഇത്തരം യാത്രകൾക്ക് വിനിയോഗിച്ചിട്ടുണ്ടെന്നും മുന്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.
ഹെലികോപ്‌റ്റർ യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ആകാശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇതൊക്കെ സാധാരണ സംഭവമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഇത്തരം യാത്രകൾ ആവശ്യമായിരിക്കുമെന്നും ഇനിയും ഇത്തരം യാത്രകൾ വേണ്ടി വരുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
എന്നാല്‍ ഹെലികോപ്റ്റർ യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം അനുവദിച്ചത് വിവാദമായതിനെ തുടർന്ന് ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് റദ്ദാക്കിയിരുന്നു. പണം വക മാറ്റിയത് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയുമുണ്ടായി. തൃശൂർ പാർട്ടി സമ്മേളനത്തിൽനിന്ന് തിരുവനന്തപുരത്തേക്കും അവിടെ നിന്ന് തിരിച്ച സമ്മേളനത്തിലേക്കുമുള്ള യാത്രക്കാണ് ദുരന്തനിവാരണ ഫണ്ടിൽനിന്ന് തുക നൽകാൻ ഉത്തരവിട്ടത്
ഡിസംബർ 26ന് നടത്തിയ യാത്രക്കായി 13 ലക്ഷം രൂപയാണ് ഹെലികോപ്‌റ്റർ കമ്പനി ആവശ്യപ്പെട്ടത് . എന്നാൽ വിലപേശി പിന്നീട് അത് എട്ട് ലക്ഷമാക്കുകയായിരുന്നു. ഈ മാസം ആറിന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് പണം നൽകുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്.