മക്ക- ഹജ് കർമത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ അല്ലാഹുവിന്റെ അതിഥികളെ സേവിക്കാൻ എല്ലാ അർഥത്തിലും തയാറെടുത്തതായി റെഡ് ക്രസന്റ് അതോറിറ്റി വ്യക്തമാക്കി. ഏത് അടിയന്തര ഘട്ടങ്ങളും അത്യാഹിതങ്ങളും കൈകാര്യം ചെയ്യാൻ ആംബുലൻസുകളും ട്രോളികളും അടക്കമുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യസേവനത്തിനായി ഡോക്ടർമാരും സ്‌പെഷ്യലിസ്റ്റുകളും ആംബുലൻസ് ടെക്‌നീഷ്യന്മാരും ഉൾപ്പെടെ 549 അംഗ മെഡിക്കൽ സ്റ്റാഫിനെയാണ് റെഡ് ക്രസന്റ് നിയോഗിച്ചിരിക്കുന്നത്. മക്കയിലും മിനാ, മുസ്ദലിഫ, അറഫ, ഇസ്‌നാദ് കോംപ്ലക്‌സ് എന്നിവിടങ്ങളിലായി സ്ഥാപിച്ച 51 ആംബുലൻസ് സെന്ററുകളിലായി ഇവർ കർമനിരതരാകും. കൂടാതെ, 144 ആംബുലൻസുകളും 22 മോട്ടോർ ബൈക്കുകളും 10 ഗോൾഫ് കാർട്ടുകളിലുമായി 170ലേറെ പേരാണ് ഹാജിമാരുടെ സഹായത്തിനായി നിലകൊള്ളുക. ഇതിനുപുറമെ, രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി പ്രത്യേകം വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും അതോറിറ്റി വെളിപ്പെടുത്തി.
മക്കയിലെ കൺട്രോൾ റൂമിൽ 106 ജീവനക്കാർ പരാതികളും സഹായാഭ്യർഥനകളും സ്വീകരിക്കാൻ സദാസന്നദ്ധമായിരിക്കും. സഹായം തേടി വിളിക്കുന്നവർക്ക് ആവശ്യമായ മെഡിക്കൽ, ആംബുലൻസ് സേവനം ലഭ്യമായെന്ന് ഉറപ്പാക്കുകയാണ് ഇവരുടെ ഉത്തരവാദിത്തം. ഹജ് വേളയിലെ രക്ഷാദൗത്യത്തിൽ 300 ലേറെ വളണ്ടിയർമാരും റെഡ് ക്രസന്റിനെ സഹായിക്കാൻ കർമപഥത്തിലുണ്ടാകും. ഇവരിൽ 66 ശതമാനം പുരുഷന്മാരും 34 ശതമാനം വനിതകളുമാണെന്നും അതോറിറ്റി അധികൃതർ വിശദമാക്കി.