കോട്ടയം- കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പോരു മുറുകുന്നു. മോൻസ് ജോസഫ് - ഫ്രാൻസിസ് ജോർജ് വിഭാഗങ്ങൾ തമ്മിലാണ് ശീതസമരം. പാർട്ടി ചെയർമാൻ പി.ജെ ജോസഫിനെ മുൻനിർത്തി മോൻസ് ജോസഫ് പാർട്ടിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കാനുളള നീക്കമാണ് ഗ്രൂപ്പിസം മറനീക്കി പുറത്തുവരുന്നതിനു കാരണമായതെന്ന് പറയപ്പെടുന്നു. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗവും, മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ മറുഭാഗവും ചേരി തിരിഞ്ഞു കഴിഞ്ഞു. പാർട്ടിയിലെ സ്ഥാന വിഭജനത്തിൽ മോൻസ് ജോസഫിന് ഉന്നതപദവി നൽകിയതോടെയാണ് ഫ്രാൻസിസ് ജോർജ് വിഭാഗം ഇടഞ്ഞത്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം പി.സി തോമസ് ലീഡറായ കേരള കോൺഗ്രസിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ് ചേക്കേറിയതോടെയാണ് അസ്വാരസ്യത്തിന് തുടക്കം. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവുമായുളള ചിഹ്ന കേസിൽ പരാജയപ്പെട്ടതോടെ മേൽവിലാസം തേടിയാണ് പി.സി തോമസിനൊപ്പം ചേർന്നത്. പിന്നാലെ പി.സി തോമസിനെ വർക്കിംഗ് ചെയർമാനാക്കി പി.ജെ ജോസഫ് ചെയർമാനായി.
മോൻസ് ജോസഫ് എക്‌സിക്യൂട്ടീവ് ചെയർമാനും. ഈ നീക്കം പാർട്ടിയിലെ സീനിയറും സ്ഥാപക നേതാവ് കെ.എം ജോർജിന്റെ മകനുമായ ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുളള വിഭാഗത്തിന് ഉൾക്കൊള്ളാനായില്ല. കടുത്തുരുത്തിയിലെ വിജയത്തോടെ മോൻസ് വീണ്ടും കരുത്തനായി. ഇതോടെ മോൻസും പി.ജെയും അടങ്ങുന്ന കോർഗ്രൂപ്പിലേക്ക് അധികാരം കേന്ദ്രീകരിച്ചു.
കഴിഞ്ഞദിവസം ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവർക്കൊപ്പം എത്തി ഫ്രാൻസിസ് ജോർജ് അതൃപ്തി ആവർത്തിച്ചതോടെയാണ് ഭിന്നത രൂക്ഷമായത്. എന്നാൽ ഈ നീക്കത്തെ മോൻസ് ജോസഫ് പൂർണമായും തള്ളിക്കളയുന്നു. പാർട്ടിയിൽ ലയന സമയത്ത് ഇല്ലാത്തതുകൊണ്ടാണ് ഇത്തരം പരാതികൾ എന്നാണ് മോൻസ് ജോസഫ് തിരിച്ചടിക്കുന്നത്. ലയന സമയത്ത് ഓഫീസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി എബ്രഹാമിന്റെ നേതൃത്വത്തിൽ ഭരണഘടന പുതുക്കിയിരുന്നു.
നേരത്തെ പാർട്ടിയിൽ ഇല്ലാത്തതുകൊണ്ടാണ് ഒരു വിഭാഗം ഇത്തരത്തിൽ അഭിപ്രായങ്ങൾ ഉന്നയിക്കുന്നതെന്ന് മോൻസ് ജോസഫ് ആരോപിച്ചു. പുതിയ പദവികൾ പാർട്ടിയിൽ ഉണ്ടാക്കിയതിനെ ചൊല്ലിയാണ് മോൻസ് ജോസഫ് ഫ്രാൻസിസ് ജോർജിനെ ലക്ഷ്യമാക്കി ഒളിയമ്പ് അയക്കുന്നത്.പിസി തോമസ് വന്നപ്പോൾ ഉൾപ്പെടുത്താനാണ് പുതിയ ഭരണഘടന ഭേദഗതി എന്നാണ് മോൻസ് ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല ലയന സമയത്ത് ഇല്ലാതിരുന്നവർക്ക് പിന്നീട് പാർട്ടിയിലേക്ക് വന്നപ്പോൾ മാന്യമായ പദവികൾ നൽകിയിട്ടുണ്ടെന്നും മോൻസ് ജോസഫ് അവകാശപ്പെട്ടു. ഇപ്പോൾ അതൃപ്തി പ്രകടിപ്പിക്കുന്നതു ശരിയല്ല.
ഏതായാലും ജോസഫ് ഗ്രൂപ്പിൽ തർക്കം രൂക്ഷമായി. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പാർട്ടി പദവികൾ വിഭജിച്ചത് പരസ്യമായി വിമർശിച്ച് ഫ്രാൻസിസ് ജോർജ് രംഗത്ത് എത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കാമെന്ന മറുപടിയാണ് അന്ന് പാർട്ടി ചെയർമാൻ പി.ജെ ജോസഫ് സ്വീകരിച്ചത്. എന്നാൽ നടപടിയൊന്നും വരാതെ വന്നതോടെയാണ് ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പി.ജെ ജോസഫിനെ കണ്ട് അതൃപ്തി അറിയിച്ചത്.
മോൻസ് ജോസഫിന് അമിത പ്രാധാന്യം നൽകുന്നു എന്നാണ് ഫ്രാൻസിസ് ജോർജ് വിഭാഗത്തിന്റെ പ്രധാന ആരോപണം. എന്നാൽ മോൻസ് ജോസഫ് ഫ്രാൻസിസ് ജോർജിനെ പൂർണമായും തള്ളിപ്പറയുകയാണെന്ന് വ്യക്തം. പി.സി തോമസുമായുളള ലയന സമയത്ത് പാർട്ടിയിൽ ഇല്ലാതിരുന്നവർ എന്നും ഇടയ്ക്കിടെ പാർട്ടി മാറിയവർ എന്നുമുളള പ്രയോഗം ഫ്രാൻസിസിനെ ലക്ഷ്യമിട്ടാണ്. എന്നാൽ ഫ്രാൻസിസ് ജോർജിനെ അനുകൂലിക്കുന്നവർ ഇത് അംഗീകരിക്കുന്നില്ല. ഫ്രാൻസിസ് ജോർജിന്റെ കേരള കോൺഗ്രസ് പാരമ്പര്യം മറ്റാർക്കുമില്ലെന്ന് അവർ തിരിച്ചടിക്കുന്നു. കോവിഡ് കാലമായതോടെ പാർട്ടിയിൽ യോഗവും ചർച്ചയും കുറവാണ്. ഓൺലൈൻ യോഗങ്ങളാണ് അധികവും. വൈകാതെ പി.ജെ ജോസഫ് രംഗത്ത് വന്ന് പ്രശ്‌നങ്ങളിൽ തീർപ്പുണ്ടാക്കുമെന്നാണ് സൂചന.