കോതമംഗലം- പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ച് ക്രൂരത. കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടം പ്രദേശത്താണ് നാലു പശുക്കളെ ആസിഡ് വീണ് ശരീരത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തിലേറെയായി പ്രദേശത്ത് നിരവധി പശുക്കള്‍ക്കു നേരെ ഇത്തരത്തില്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു.
പശുക്കള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തുന്ന സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ പ്രദേശവാസികളായ മൂന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെയും സമാന സംഭവങ്ങളില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് ആരെയും പിടികൂടിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഏതാനും പശുക്കളെ കാണാതായതായും പരാതിയുണ്ട്. ആസിഡ് ഒഴിക്കുന്നവരെ കണ്ടെത്താന്‍ പ്രദേശവാസികള്‍ കാത്തിരുന്നുവെങ്കിലും ആരെയും പിടികൂടാന്‍ സാധിച്ചിരുന്നില്ല.