മുംബൈ- പുതുതായി ചുമലയേറ്റ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ആദ്യ പണി കൊടുത്ത് ബോംബെ ഹൈക്കോടതി. വിമാനത്താവളങ്ങള്‍ക്ക് പേരിടുന്നതിനും പേര്മാറ്റുന്നതിനും രാജ്യത്തൊട്ടാകെ ഒരു നയം സ്വീകരിക്കുക എന്നതാണ് ജോലി. ഇതു സംബന്ധിച്ച് ഒരു കരട് നയം രൂപീകരിക്കുന്നുണ്ടെങ്കില്‍ അതിപ്പോള്‍ ചെയ്യണം. പുതിയ വ്യോമയാന മന്ത്രിയുടെ ആദ്യ ജോലി ഇതായിരിക്കട്ടെ- അഡീഷനല്‍ സോളിസിറ്റര്‍ ജനറര്‍ അനില്‍ സിങിനോട് ചീഫ് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച ഒരു നയം രൂപീകരിക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
വിമാനത്താവളങ്ങള്‍ക്ക് പേരിടല്‍ സംബന്ധിച്ച പുതിയ കരട് നയത്തിന്റെ ഇപ്പോഴത്തെ രൂപം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 2016ല്‍ സര്‍ക്കാരിനു ഒരു നയമുണ്ടായിരുന്നു. അത് വ്യക്തികളുടെ പേരല്ല, നഗരങ്ങളുടെ പേര് ന്ല്‍കുകയ എന്നായിരുന്നു. ഈ നയത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയാണ് അറിയേണ്ടത്- കോടതി പറഞ്ഞു.
നവി മുംബൈയില്‍ വരുന്ന പുതിയ വിമാനത്താവളത്തിന് ഡിബി പാട്ടീലിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് കാല്‍ ലക്ഷത്തോളം പേര്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രതിഷേധിച്ചതും കോടതി ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് ഇതങ്ങനെ അനുവദിക്കാനാകുമെന്ന് കോടതി ചോദിച്ചു. ഈ വിമാനത്താവള പദ്ധതി ബാധിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതിയ ആളാണ് പാട്ടീല്‍ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. വിമാനത്താവളത്തിന് ശിവ സേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പേര് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്‌കോ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.