Sorry, you need to enable JavaScript to visit this website.

ഇന്ത്യ പ്രവേശനം നിഷേധിച്ചെന്ന് ന്യൂസിലന്‍ഡ് യുട്യൂബര്‍; ദല്‍ഹിയിലുള്ള ഭാര്യയുടെ അടുത്തെത്താന്‍ വഴിയടഞ്ഞു

ന്യൂദല്‍ഹി- ഇന്ത്യ പ്രവേശനം അനുവദിക്കുന്നില്ലെന്ന് വര്‍ഷങ്ങളായി ഇന്ത്യയില്‍ കുടുംബവുമൊത്ത് കഴിയുന്ന പ്രമുഖ ന്യൂസിലന്‍ഡ് യുട്യൂബറും യാത്രാ ബ്ലോഗറുമായ കാള്‍ റോക്ക്. ദല്‍ഹിയിലുള്ള ഭാര്യ മനീഷയേയും കുടുംബത്തേയും കാണാന്‍ അനുവദിക്കുന്നില്ലെന്നും ഇവരില്‍ നിന്നും തന്നെ വേര്‍പ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആഭ്യന്തര മന്ത്രാലയം, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തുടങ്ങി എല്ലാ അധികാരികളെ സമീപിച്ചെങ്കിലും കാരണം വ്യക്തമാക്കാതെ തനിക്ക് വിസ നിഷേധിച്ചിരിക്കുകയാണെന്ന് കാള്‍ തന്റെ ചാനലിലൂടെ പുറത്തുവിട്ട വിഡിയോയില്‍ വശദീകരിച്ചു. തന്നെ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും അതിനാല്‍ വിസ അനുവദിക്കാനാവില്ല എന്നുമാണ് അധികൃതരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ എന്തു കാരണത്തിനാണ് തന്നെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നില്ലെന്നും കാള്‍ പറയുന്നു. തന്നെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണം അറിയാനും പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാനും ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്നും കാള്‍ പറഞ്ഞു. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആഡേണിന്റെ സഹായവും ട്വിറ്ററിലൂടെ കാൾ തേടിയിട്ടുണ്ട്.

2020 ഒക്ടോബറിലാണ് കാള്‍ ഇന്ത്യ വിട്ടത്. എയര്‍പോര്‍ട്ടില്‍ വച്ചു തന്നെ വീസ റദ്ദാക്കി. ആദ്യം ദുബായിലേക്കും പിന്നീട് പാക്കിസ്ഥാനിലേക്കുമാണ് പോയത്. പാക്കിസ്ഥാൻ സന്ദർശനത്തിനെ പല വ്ലോഗുകളും ചെയ്ത് കാൾ തന്റെ ചാനലിൽ അപ്ലോഡ് ചെയ്തിരുന്നു. ഇന്ത്യ തന്റെ വീടാണെന്നും ഭാര്യ ഇന്ത്യക്കാരിയാണെന്നും വർഷങ്ങളായി ഈ രാജ്യത്ത് ജീവിക്കുന്ന നാടിനെ സ്നേഹിക്കുന്ന ആളാണെന്നും കാൾ പറഞ്ഞു.  യാത്രയ്ക്കു ശേഷം ഇന്ത്യയിലെ ഭാര്യയുടെ അടുത്തേക്ക് മടങ്ങാനായി വീസയ്ക്ക് അപേക്ഷിച്ചപ്പോള്‍ തന്നെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന വിവരമാണ് ലഭിച്ചത്. പല തവണ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഇന്ത്യയിലുള്ള ഭാര്യ മനീഷയും മന്ത്രാലയവുമായി ബന്ധപ്പെട്ടു. ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കും കത്തെഴുതി. എന്നാല്‍ അവഗണിക്കപ്പെട്ടു. ഭാര്യ കോവിഡ് പോസിറ്റീവാണെന്ന റിപോര്‍ട്ടുമായി നേരിട്ട് ഓഫിസില്‍ ചെന്നിട്ടും അദ്ദേഹം തന്നെ അവണിച്ചുവെന്ന് കാള്‍ പറയുന്നു. ഭാര്യയേയും കുടുംബത്തേയും പിരിഞ്ഞിരിക്കുന്നതില്‍ കടുത്ത മാനസിക വിഷമത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാള്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ജുലൈയില്‍ ദല്‍ഹി സര്‍ക്കാരിന്റെ പ്ലാസ്മ ബാങ്കിലേക്ക് പ്ലാസ്മ ദാനം ചെയ്ത കാള്‍ റോക്കിനെ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ അഭിനന്ദിച്ചിരുന്നു.

Latest News