ന്യൂദല്‍ഹി- രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയില്‍ അധികവും കേരളം, മഹാരാഷ്ട്ര എന്നീ സംസാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും കോവിഡ് കേസുകള്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് മൂന്നാം തരംഗത്തെ അകറ്റി നിര്‍ത്തുന്നതിന് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന പ്രവണത നിലനിര്‍ത്തേണ്ടതുണ്ട്. വെള്ളിയാഴ്ച രാജ്യത്ത് 43,393 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,52,950 ആയി. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, അസം എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അഞ്ച് സംസ്ഥാനങ്ങള്‍.
വൈറസിന്റെ സാന്നിധ്യം ഇപ്പോഴും ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ട്. എന്നാല്‍ രാജ്യത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. പുതിയ കേസുകളുടെ ശരാശരിയില്‍ കഴിഞ്ഞയാഴ്ച എട്ട് ശതമാനം കുറവ് രേഖപ്പെടുത്തി. രാജ്യത്തെ പുതിയ കേസുകളില്‍ 80 ശതമാനവും 90 ജില്ലകളിലാണ്.
യൂറോകപ്പ് സെമി ഫൈനലിന് ആതിഥ്യമരുളിയ യു.കെയില്‍ കൊറോണ വൈറസ് വ്യാപനം വീണ്ടും ഉണ്ടായിട്ടുണ്ടെന്ന് ലവ് അഗര്‍വാള്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫുട്‌ബോള്‍ ആരാധകര്‍ മത്സരങ്ങള്‍ കാണാണെത്തിയതാണ് ഇതിന് കാരണം. ജാഗ്രത കൈവെടിയരുതെന്നാണ് ഇത് വ്യക്തമാക്കുന്നത്. യു.കെയിലും റഷ്യയിലും ബംഗ്ലാദേശിലും വീണ്ടും കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.