Sorry, you need to enable JavaScript to visit this website.

മാവോയിസ്റ്റ് ഇബ്രാഹിമിന്റെ മോചനം: വയനാട്ടില്‍ കൂട്ടായ്മ സംഘടിപ്പിച്ചു

മാനന്തവാടി-വിയ്യൂര്‍ ജയിലില്‍ തടവിലുള്ള വയോധികനും രോഗിയുമായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വയനാട് മേപ്പാടി സ്വദേശി ഇബ്രാഹിമിനു ജാമ്യം അനുവദിക്കുക, ഫാ. സ്റ്റാന്‍ സ്വാമിയെ കള്ളക്കേസില്‍ കുടുക്കുകയും മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച് മരണത്തിലേക്കു തളളിവിടുകയും ചെയ്തവരെ നിയമത്തിനു മുന്നില്‍ നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗാന്ധിപാര്‍ക്കില്‍ കൂട്ടായ്മ സംഘടിപ്പിച്ചു.
പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വര്‍ഗീസ് വട്ടേക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി അവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരിച്ചപ്പോള്‍ മനുഷ്യാവകാശങ്ങളും കൊല ചെയ്യപ്പെട്ടുവെന്നു അദ്ദേഹം പറഞ്ഞു. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ ഭീകരവാദികളും നഗര നക്‌സലുകളായും ചിത്രീകരിച്ചു ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണ്.
ഫാ. സ്റ്റാന്‍ സ്വാമിക്കുവേണ്ടി സംസാരിക്കുന്ന സി.പി.എം മാവോയിസ്റ്റ് തടവുകാരന്‍ ഇബ്രാഹിമിനെ വിട്ടയക്കണമെന്ന നിലപാടിലാണോയെന്നു വ്യക്തമാക്കണമെന്നു വര്‍ഗീസ് ആവശ്യപ്പെട്ടു. പോരാട്ടം കണ്‍വീനര്‍ പി.പി. ഷാന്റോലാല്‍, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ടി. നാസര്‍, സി.പി.ഐ (എം.എല്‍) ജില്ലാ സെക്രട്ടറിയറ്റ് മെംബര്‍ പ്രകാശന്‍, പശ്ചിമഘട്ട സംരക്ഷണ സമിതിയംഗം കെ. ഷിബു എന്നിവര്‍ പ്രസംഗിച്ചു.

 

 

Latest News