ന്യൂദല്‍ഹി- തങ്ങളുടെ പുതിയ സ്വകാര്യതാ നയം അംഗീകരിക്കാത്ത യൂസര്‍മാരെ ആപ്പ് ഉപയോഗിക്കുന്നതില്‍ നിന്ന് തടയില്ലെന്ന് വാട്‌സാപ്പ് ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. വിവര സംരക്ഷണ നിയമം പ്രാബല്യത്തിലാകുന്നത് വരെ തങ്ങളുടെ പുതിയ സ്വകാര്യതാ നയം നടപ്പിലാക്കില്ലെന്നും കമ്പനി വ്യക്തമാക്കി. പ്രൈവസി പോളിസി അംഗീകരിക്കാത്ത യൂസര്‍മാര്‍ക്കും തുടര്‍ന്നും പുതിയ അപ്‌ഡേറ്റുകള്‍ വരുന്ന മുറയ്ക്ക് ലഭ്യമാക്കുമെന്നും ഫീച്ചറുകള്‍ തടയില്ലെന്നും വാട്‌സാപ്പിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസിക്കെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന അന്വേഷണം ചോദ്യം ചെയ്ത് വാട്‌സാപ്പും ഫെയ്‌സ്ബുക്കും നല്‍കിയ ഹര്‍ജയില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.
പുതിയ പ്രൈവസി പോളിസി നടപ്പാക്കുന്നത് തങ്ങള്‍ സ്വമേധയാ മാറ്റിവെക്കുകയായിരുന്നുവെന്നും ഭാവിയില്‍ ഇത്തരമൊരു പോളിസി പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ വാട്‌സാപ്പ് ഇത് നടപ്പിലാക്കുകയോ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്നും കമ്പനി കോടതിയില്‍ വിശദീകരിച്ചു. പാര്‍ലമെന്റ് നിയമം നടപ്പിലാക്കിയാല്‍ അത് അനുസരിച്ച് തീരുമാനമെടുക്കുമെന്നും കമ്പനിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.
യൂസര്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ വാട്‌സാപ്പ് ഫെയ്‌സ്ബുക്ക് ഉടമസ്ഥതയിലുള്ള മറ്റു കമ്പനികളുമായി പങ്കുവയ്ക്കുന്നുവെന്നും ഇത് തെറ്റാണെന്നും കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ മാര്‍ച്ച് 24ന് ഉത്തരവിട്ടിരുന്നു. പ്രഥമദൃഷ്ട്യാ ഇത് യൂസര്‍മാരുടെ സമ്മതമില്ലാതെയും സുതാര്യത ഇല്ലാതെയുമാണെന്ന് വ്യക്തമാണെന്നും രണ്ട് മാസത്തിനകം ഇന്ന് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിനെതിരെയാണ് ഫെയ്‌സ്ബുക്കും വാട്‌സാപ്പും ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.