ഇടുക്കി- ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്ടർ യാത്ര നടത്തിയതിൽ വിവാദത്തിന്റെ കാര്യമില്ലെന്നും മുൻ മുഖ്യമന്ത്രിയും ഇത്തരത്തിൽ യാത്ര നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. താൻ മോഷണം നടത്തിയെന്ന മട്ടിലാണ് ചിലർ പ്രതികരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഖി ദുരിതബാധിതരെ സന്ദർശിക്കാനെത്തിയ കേന്ദ്ര സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയില്ലെങ്കിൽ പിന്നെ അതാവും വലിയ ചർച്ച. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഏത് വാഹനത്തിൽ യാത്ര നടത്തിയാലും അതിന്റെ ചെലവ് വഹിക്കുന്നത് പൊതുഭരണവകുപ്പാണ്. ഏത് കണക്കിൽനിന്നാണ് ചെലവഴിച്ചത് എന്ന് ചോദിക്കേണ്ട കാര്യം മന്ത്രിമാർക്കില്ല. ഇത്തരം കാര്യങ്ങൾ അന്വേഷിക്കലല്ല തന്റെ പണിയെന്നും പിണറായി വ്യക്തമാക്കി. സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹെലികോപ്ടര്‍ യാത്രകൾ സാധാരണഗതിയിൽ നടത്താറുണ്ടെന്നും ഇനിയും നടത്തുമെന്നും പിണറായി വ്യക്തമാക്കി.
ഹെലികോപ്റ്റര്‍ വാടക നൽകുന്നത് ഓഖി ദുരിതാശ്വാസ നിധിയിൽനിന്നാണ് എന്ന കാര്യം അറിഞ്ഞിരുന്നില്ല. എന്നാൽ അങ്ങിനെ ഒഴിവുകഴിവ് പറയാൻ പറ്റുന്ന വകുപ്പിലല്ല താനിരിക്കുന്നതെന്നും മുഖ്യന്ത്രി വ്യക്തമാക്കി.