കൊണ്ടോട്ടി- ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരനെ കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മൂന്ന് ചാലക്കുടി സ്വദേശികള്‍ അറസ്റ്റില്‍. ചാലക്കുടി പരിയാരം പുളിക്കന്‍ ചേരിയേക്കര ജെഫിന്‍ (31),കോടശ്ശേരി കരിയാപ്പിള്ളി നിഷാദ് (38),കുറ്റിച്ചിറ കൂര്‍ക്കമറ്റം കണ്ണോളി ഷിജോന്‍ (40) എന്നിവരെയാണ് കൊണ്ടോട്ടി പോലിസ് പിടികൂടിയത്.കേസില്‍ രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്.
കഴിഞ്ഞ ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ കോട്ടയ്ക്കല്‍ ചട്ടിപ്പറമ്പ് സ്വദേശി അബ്ദുല്‍ നാസറിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം അപഹരിക്കുകയായിരുന്നു. കൊടുവള്ളിക്കാര്‍ക്ക് വേണ്ടിയുള്ള സ്വര്‍ണവുമായാണ് അബ്ദുല്‍ നാസര്‍ എത്തിയിരുന്നത്. ഇയാളെ സ്വീകരിക്കാന്‍ താമരശ്ശേരിയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനടെയാണ് കോഴിക്കോട്-പാലക്കാട് ദേശീയ പാത കൊട്ടപ്പുറത്ത് വെച്ച് ചാലക്കുടി സംഘം വാഹനം തടഞ്ഞു നിര്‍ത്തി ഇതിലുണ്ടായിരുന്ന രണ്ട് പേരെ പുറത്തിറക്കി അബ്ദുല്‍ നാസറിനെ കൊണ്ടുപോയത്. കാക്കഞ്ചേരിയിലെ ഒഴിഞ്ഞ പറമ്പില്‍വെച്ച് സ്വര്‍ണം കൈവശപ്പെടുത്തിയശേഷം ഇയാളെ രാമനാട്ടുകര നിസരി ജങ്ഷനില്‍ ഇറക്കി വിടുകയായിരുന്നു. പിന്നീട് കാര്‍ ചേളാരി ഐ.ഒ.സിക്ക് സമീപം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
കാര്‍ തട്ടിയെടുത്ത് അബ്ദുല്‍ നാസറിനെ കടത്തിക്കൊണ്ടുപോയതായി താമരശ്ശേരി സംഘമാണ് പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്.
ജെഫിന്‍ ചാലക്കുടിയിലുണ്ടെന്ന് ജില്ലാ പോലിസ് മേധാവി സുജിത്ദാസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്. കേസില്‍ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. കവര്‍ന്ന സ്വര്‍ണം, മൊബൈല്‍ ഫോണ്‍ എന്നിവയും കണ്ടെത്താനുണ്ട്. ഡിവൈ.എസ്.പി. കെ.അഷ്റഫിന്റെ നിര്‍ദേശത്തില്‍ ഇന്‍സ്പെക്ടര്‍ എം.സി. പ്രമോദ്, എസ്.ഐ. എം.കെ. രാധാകൃഷ്ണന്‍, ബിജീഷ്, അജ്മല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.