കൊച്ചി- സമൂഹ മാധ്യമങ്ങള്‍ക്കു ശേഷം ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി ചട്ടങ്ങള്‍ക്കെതിരെ മുന്‍നിര ദേശീയ മാധ്യമങ്ങളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍.ബി.എ) കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പുതിയ ഐടി ചട്ടങ്ങള്‍ മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനും നിയന്ത്രിക്കാനും അധികാരികള്‍ക്ക് അമിതാധികാരം നല്‍കുന്നതാണെന്നാണ് പരാതി.
നിലവിലുള്ള 2000ലെ ഐടി നിയമത്തിനും ഇന്ത്യന്‍ ഭരണഘടനയുടെ 14, 19 വകുപ്പുകളുടേയും ലംഘനമാണ് പുതിയ ഐടി ചട്ടങ്ങളെന്നും എന്‍ഡിടിവി, ടൈംസ് നെറ്റ് വര്‍ക്ക്, എബിപി ന്യൂസ്, സീ, ഇന്ത്യാ ടിവി, ടിവി18, മാതൃഭൂമി, ഈനാടു, ഏഷ്യാനെറ്റ് തുടങ്ങി 25 പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പെടുന്ന എന്‍.ബി.എ പരാതിപ്പെട്ടു. ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു മേലധികാരി സംവിധാനം നടപ്പിലാക്കുന്നത് ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉള്ളടക്കങ്ങളിലേക്കുള്ള കൈകടത്തലാകുമെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. പുതുതായി അവതരിപ്പിച്ച പെരുമാറ്റ ചട്ടത്തില്‍ പറയുന്ന പല പ്രയോഗങ്ങളും അവ്യക്തത ഉണ്ടാക്കുന്നതും ഐടി ആക്ടിലെ 66എ വകുപ്പ് റദ്ദാക്കിയ സുപ്രീം കോടതി വിധിയോട് ഒത്തുപോകുന്നതല്ലെന്നും മാധ്യമങ്ങള്‍ ഹര്‍ജിയില്‍ പറയുന്നു.
ഐടി ചട്ടങ്ങള്‍ക്കെതിരെ സമാന പരാതിയുമായി രാജ്യത്തെ മുന്‍നിര വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) കഴിഞ്ഞ ദിവസം ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഇന്റര്‍നെറ്റ് ഉള്‍പ്പെടുന്ന ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ മാധ്യമങ്ങളുടെ സംഘടനയായ ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷനും ഇതേ പരാതിയുമായി കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം കേന്ദ്രത്തിന്റെ ഐടി ചട്ടങ്ങളെ നിയമപരമായി നേരിടാനിറങ്ങിയിരിക്കുകയാണ്.