Sorry, you need to enable JavaScript to visit this website.

മിസോറാമിൽ നാലിൽ കൂടുതൽ കുട്ടികളെ ജനിപ്പിച്ചാൽ ചർച്ച് വക കൂടുതൽ പണം

ഷില്ലോങ് -ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിൽ കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്ന മാതാപിതാക്കൾക്ക് കൂടുതൽ പണം സമ്മാനം നൽകുമെന്ന വാഗ്ദാനവുമായി ക്രിസ്തീയ സഭ രംഗത്ത്. നാലോ അതിൽ കൂടുതലോ കുട്ടികളുള്ളവർക്കാണ് സമ്മാനം. നാലാം കുഞ്ഞ് പിറന്നാൽ 4000 രൂപയും അഞ്ചാമത്തെ കുഞ്ഞിന് 5000 രൂപയും ലഭിക്കും. കുട്ടികൾ വർധിക്കും തോറും തുകയും വർധിക്കും. കുട്ടികളുടെ എണ്ണത്തിന് ഒരു പരിധിയും നിശ്ചയിട്ടില്ലെന്ന് ഈ ഓഫർ മുന്നോട്ടു വച്ച ബസാർ വെങ് ബാപ്റ്റിസ്റ്റ് ചർച്ച് സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്ത് പ്രബല ഗോത്രമായ മിസോ വിഭാഗത്തിൽ ജനനിരക്ക് കുറഞ്ഞതാണ് ഈ പ്രോത്സാഹനത്തിനു കാരണം. മിസോ സംഘടനകൾക്കു മാത്രമല്ല ക്രിസ്തീയ സഭകൾക്കും ഇതൊരു ആശങ്കയായി മാറിയിരിക്കുകയാണ്. 

കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നതിനെ  പ്രോത്സാഹിപ്പിക്കുമെന്ന് മറ്റു സഭകളും പറയുന്നുണ്ട്. പ്രെസ്ബിറ്റേറിയൻ ചർച്ച് ഓഫ് ഇന്ത്യയുടെ മിസോറാം സിനഡും ഇതു വ്യക്തമാക്കി. അതേസമയം തങ്ങൾ പണം സമ്മാനമായി നൽകുന്നില്ലെന്ന് ഈ സഭയിൽ എക്‌സിക്യൂട്ടീവ് അംഗമായ ലാൽറാംലെന പചാവു പറഞ്ഞു. കത്തോലിക്ക സഭ അടക്കം വിവിധ സഭകൾ കൂടുതൽ പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും പലരും ഇതു പരസ്യമായി പ്രഖ്യാപിക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. മിസോകളുടെ ജനസംഖ്യ ഇപ്പോൾ കുറവാണ്. ജനനനിരക്കും താഴോട്ട് തന്നെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മിസോകളുടെ ജീവിതത്തിൽ സഭകൾക്ക് അതീവ പ്രാധാന്യമുണ്ട്. ഭൂരിപക്ഷം മിസോകളും ക്രിസ്ത്യൻ വിശ്വാസികളാണ്. പ്രബല സഭകളായ പ്രസ്ബിറ്റേറിയൻ ചർച്ചും ബാപ്റ്റിസ്റ്റ് ചർച്ചും നിരന്തര പ്രോത്സാഹനമാണ് നൽകുന്നത്.
 

Latest News