Sorry, you need to enable JavaScript to visit this website.

പച്ചക്കള്ളങ്ങളും അർദ്ധസത്യങ്ങളും; മോഡിയുടെ 2017ലെ  തെരഞ്ഞെടുത്ത പത്തു കളവുകൾ

പുതുവർഷം പിറന്നിട്ട് ദിവസം 10 പിന്നിട്ടു. പോയവർഷത്തിന്റെ കണക്കെടുപ്പുകൾ എതാണ്ട് പൂർത്തിയായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യക്കാരെ പറ്റിച്ചതിന്റെ കണക്കുകൾ അറിഞ്ഞിരിക്കേണ്ടതു തന്നെയാണ്. ഇവയിൽ ഏറെയും തെരഞ്ഞെടുപ്പു പ്രാചരണ കാലത്താണെന്നതും ശ്രദ്ധേയം. പ്രധാനമന്ത്രി പദവിയിലിരുന്ന് മോഡി പലതവണ കള്ളം പറഞ്ഞിട്ടുണ്ടെങ്കിലും വേറിട്ടു നിൽക്കുന്ന 10 പച്ചക്കള്ളങ്ങളും അർദ്ധസത്യങ്ങളും പരിശോധിക്കാം. 

1. മുൻപ്രധാനമന്ത്രി വാജ്‌പേയ് ഇന്ത്യയിലെ ആദ്യ മെട്രൊയിൽ യാത്രക്കാരനായിരുന്നു      

2017 ഡിസംബർ 25ന് ദൽഹി മെട്രോയുടെ മെജന്ത ലൈൻ ഉൽഘാടന വേളയിലാണ് പ്രധാനമന്ത്രി മോഡി ഇങ്ങനെ തട്ടിവിട്ടത്. ഇന്ത്യയിലെ ആദ്യ മെട്രോ സർവീസായ 2002ൽ ദൽഹി മെട്രോ ഓട്ടം തുടങ്ങിയപ്പോൾ അതിൽ വാജ്‌പേയിയും യാത്രക്കാരനായിരുന്നു എന്നാണ് മോഡി പറഞ്ഞത്. എന്നാൽ ഇതു പച്ചക്കള്ളമാണ്. ഇന്ത്യയിലെ ആദ്യ മെട്രോ സർവീസ് കൊൽക്കത്ത മെട്രോ ആണ്. 1972ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് നിർമ്മാണ പ്രവർത്തനം ഉൽഘാടനം ചെയ്ത ശേഷം 1984ലാണ് കൊൽക്കത്ത മെട്രോ ഓടിത്തുടങ്ങിയത്. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ സർവീസാണ് ദൽഹിയിലേത്. 

2. മൻമോഹൻ സിങ് പാക് നയതന്ത്രജ്ഞരെ കണ്ടത് ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തിയത്

കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വീട്ടിൽ നടന്ന വിരുന്നിനിടെ പാക് നയതന്ത്രജ്ഞരെ കണ്ട മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും മുൻ രാഷ്ട്രപതി ഹാമിദ് അൻസാരിയും മുൻ സൈനിക മേധാവി ജനറൽ ദീപക് കപൂറും ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗുഢാലോചനയുടെ ഭാഗമായി എന്ന് മോഡി ഒരു തെരഞ്ഞെടുപ്പു റാലിക്കിടെയാണ് പ്രസംഗിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. രൂക്ഷവിമർശനവുമായി മൻമോഹന്റെ പ്രസ്താവനയും വന്നു. പച്ചക്കള്ളം പറഞ്ഞതിന് മോഡി മാപ്പു പറയണമെന്നാവശ്യപ്പെട്ട് പാർലമെന്റിലും ബഹളമുണ്ടായി. ഒടുവിൽ മോഡി നേരിട്ട് മാപ്പു പറഞ്ഞില്ലെങ്കിലും ധനമന്ത്രി അരുൺ ജെയ്റ്റിലി വിഷയത്തിൽ വ്യക്തത വരുത്തുകയെന്ന മട്ടിൽ മൻമോഹനെയും അൻസാരിയേയും പിന്തുണച്ചു സംസാരിച്ചു.

3. പദ്ധതി ആനുകൂല്യങ്ങൾ നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിക്കുന്ന രീതി തുടങ്ങിയത് ബിജെപി സർക്കാർ

ഒക്ടോബറിൽ കർണാടകയിൽ നടന്ന ഒരു റാലിയിലാണ് മോഡി ഇങ്ങനെ തട്ടിവിട്ടത്. ഡയറക്ട് ബെനഫിറ്റ് സ്‌കീം എന്ന ഈ പദ്ധതി തന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ആദ്യമായി അവതരിപ്പിച്ചതെന്നും ഇതുവഴി സർക്കാരിന് 57,000 കോടി വരെ ലാഭിക്കാനായി എന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ കള്ളവും വസ്തുകൾ വച്ച് പൊളിച്ചടുക്കപ്പെട്ടു. 2013ൽ യുപിഎ സർക്കാരിന്റെ ബജറ്റിലാണ് ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. ഇത് 2013 ജനുവരി മുതൽ നിലവിൽ വന്നിട്ടുണ്ട്.  അതിലേറെ രസകരമായ മറ്റൊരു വസ്തുത 2013ൽ നിന്നും 2014ൽ എത്തിയപ്പോഴേക്കും ഈ പദ്ധതി എത്രത്തോളം വളർന്നു എന്നു കാണിക്കുന്ന കണക്കുകളും മോഡി തന്നെ 2017 ഓഗസ്റ്റിൽ ട്വീറ്റ് ചെയ്്തിട്ടുണ്ട് എന്നതാണ്.

4. മുഗൾ രാജവംശത്തെയും കോൺഗ്രസിനേയും കുറിച്ചുള്ള മണിശങ്കർ അയ്യരുടെ പ്രസ്താവന മോഡി വളച്ചൊടിച്ചു

കോണ്ഗ്രസ് അധ്യക്ഷനായുള്ള രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണം സംബന്ധിച്ച മണിശങ്കർ അയ്യരുടെ പ്രസ്താവനയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഒരു പ്രസംഗത്തിനിടെ മോദി വളച്ചൊടിച്ചത്. മുഗൾ രാജവംശത്തിലെ അധികാക്കൈമാറ്റം പോലെയാണ് കോൺഗ്രസിലെ നേതൃപദവി മാറ്റവുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലും പറയുന്നതെന്നാണ് മോദി പറഞ്ഞത്. എന്നാൽ കോൺഗ്രസിനകത്തെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പും മുഗൾ രാജവംശത്തിന്റെ പിന്തുടർച്ചാവകാശ രീതിയും തമ്മിലുള്ള വൈരുദ്ധ്യത്തെ തുറന്ന് കാണിക്കാനാണ് മണിശങ്കർ അയ്യർ മുഗളൻമാരെ പരാമർശിച്ചത്. ഇത് വളച്ചൊടിച്ച് കോൺഗ്രസ് നേതൃപദവിയും മുഗളൻമാരെ പോലെ പിന്തുടർച്ചാവകാശമായി ലഭിക്കുന്നതാണെന്ന് മോദി പരിഹസിച്ചു. 

5. യുപിയിൽ ദിപാവലി ദിവസത്തേക്കാൾ കൂടുതൽ വൈദ്യുതി ഈദിന് വിതരണം ചെയ്തു 

യുപി തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുന്നതിനിടെ ഫത്തേപൂരിൽ വച്ചാണ് മോഡി ഇങ്ങനെ വർഗീയ ചുവയുള്ള ഒരു താരതമ്യം നടത്തിയത്. യുപി ഭരിക്കുന്ന സമാജ് വാദി പാർട്ടി സർക്കാർ മുസ്ലിംകളുടെ ആഘോഷ ദിവസം കൂടുതൽ വൈദ്യുതി വിതരണം നടത്തിയെന്നും ദിപാവലിക്കും ഇതു വേണമെന്നുമാണ് മോഡി പറഞ്ഞത്. എന്നാൽ യുപി സർക്കാരിന്റെ ഔദ്യോഗിക കണക്കുകളിൽ നിന്നു തന്നെ ഇതു പച്ചക്കള്ളമാണെന്ന് വ്യക്തമായി. 2016 ജൂലൈ ആറിനായിരുന്നു ഈദ്. ഈ ദിവസങ്ങളിൽ പ്രതിദിനം 13,500 മെഗാവാട്ട് വൈദ്യുതിയാണ് വിതരണം ചെയ്തത്. 2016 ഒക്ടോബർ 28 മുതൽ നവംബർ ഒന്നു വരെ നടന്ന ദിപാവലി ആഘോഷ ദിവസങ്ങളിൽ പ്രതിദിനം 15,400 മെഗാവാട്ട് വൈദ്യുതിയാണ് സർക്കാർ വിതരണം ചെയ്തത്. ഈദിന് കുറവ് വൈദ്യുതിയാണ് ലഭിച്ചതെന്ന് സർക്കാർ കണക്കുകളിൽ നിന്നു തന്നെ വ്യക്തം. 

6. കാൺപൂരിൽ ട്രെയിൻ പാളം തെറ്റിയതിനു പിന്നിൽ ഐ എസ് ഐ

2016 നവംബറിൽ ഇൻഡോർപട്‌ന എക്‌സ്പ്രസ് പാളം തെറ്റി 150 പേർ മരിച്ച സംഭവത്തിനു പിന്നിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന് മോഡി യുപി തെരഞ്ഞെടുപ്പു റാലിക്കിടെ 2017 ഫെബ്രുവരിയിൽ പ്രസംഗിച്ചു. ഇതു പച്ചക്കള്ളമാണെന്ന് പറഞ്ഞത് മറ്റാരുമല്ല. ഐഎസ്‌ഐ ആണ് അപകടത്തിനു പിന്നിലെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത് യുപി പോലീസ് മേധാവിയും റെയിൽവെ ഡയറക്ടർ ജനറലുമാണ്. 

7. കുറ്റകൃത്യങ്ങളിൽ യുപി ഒന്നാമത്

രാജ്യത്ത് ഏറ്റവും ഉയർന്ന കുറ്റകൃത്യ നിരക്കുള്ളത് യുപിയിലാണെന്ന് തെരഞ്ഞെടുപ്പു റാലിക്കിടെ പ്രധാനമന്ത്രി മോഡി അവകാശപ്പെട്ടിരുന്നു. പ്രതിദിനം യുപിയിൽ 24 ബലാൽസംഗങ്ങളും, 21 പീഡന ശ്രമങ്ങളും, 13 കൊലപാതകങ്ങളും, 19 കലാപങ്ങളും, 136 മോഷണങ്ങളും നടക്കുന്നുവെന്നായിരുന്നു മോദി പറഞ്ഞത്. എന്നാൽ നാഷണൽ െ്രെകം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പരിശോധിച്ചപ്പോൾ ഇത് അസത്യമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വ്യക്തമായി. കുറ്റകൃത്യ നിരക്ക് കണക്കാക്കുന്നത് ഒരു ലക്ഷം ജനസംഖ്യ എന്ന തോതിലാണ്. മോഡി പറഞ്ഞതു പോലെ ദിനംപ്രതി എന്ന തോതില്ല. അതുകൊണ്ട് തന്നെ സ്വാഭാവികമായും ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളിൽ കുറ്റകൃത്യ നിരക്കും ഏറിയിരിക്കും. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാൻ ലക്ഷം ജനസംഖ്യയിലെ കുറ്റകൃത്യ നിരക്ക് എന്നത് മികച്ച രീതിയാണ്. െ്രെകം റെക്കോർഡസ് ബ്യൂറോയുടെ ലഭ്യമായ ഏറ്റവും പുതിയ കണ്ക്ക് 2015ലേതാണ്. ഇതു വച്ചു നോക്കുമ്പോൾ മോഡി പറഞ്ഞ കണക്കുകൾ വളരെ കൂട്ടിപ്പറഞ്ഞതാണ്. മാത്രവുമല്ല ദിനംപ്രതി എന്ന തോതിൽ കണക്കാക്കുമ്പോൾ മറ്റു സംസ്ഥാനങ്ങൾ യുപിയെക്കാൾ മുമ്പിലെത്തുകയും ചെയ്യുന്നുണ്ട്. 

8.  കാലാവസ്ഥാ അനിശ്ചിതത്വങ്ങളിൽ നിന്ന് സംരക്ഷണത്തിന് ഇൻഷൂറൻസ് പദ്ധതി

ഇതുസംബന്ധിച്ച പ്രധാനമന്ത്രി മോഡിയുടെ അവകാശവാദം തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു. കർഷകർക്കുള്ള ഇൻഷൂറൻസ് പദ്ധതിയിൽ ഒരു ഉപവിഭാഗമായി കാലാവസ്ഥാ അടിസ്ഥാനമാക്കിയുള്ള വിള ഇൻഷൂറൻസ് പദ്ധതി ഉണ്ടായിരുന്നു. ഈ ഇൻഷൂറൻസ് പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് 2003 ഖാരിഫ് സീസണിലാണ്. ഇതു പ്രകാരം വരൾച്ച, അധിക മഴ, മഞ്ഞ് എന്നിവ മൂലമുള്ള വിളനഷ്ടമാണ് കവർ ചെയ്തിരുന്നത്. 

9. ദലിത് പീഡനത്തിൽ മുന്നിൽ യുപി

യുപിയിലെ ബാരബങ്കിയിൽ 2017 ഫെബ്രുവരിയിലാണ് പ്രധാനമന്ത്രി മോഡി ഇങ്ങനെ പറഞ്ഞത്. ഈ വാദം തെറ്റാണന്ന് നാഷണൽ െ്രെകം റെക്കോർഡ്‌സ് ബ്യൂറോ കണക്കുകളിൽ വ്യക്തമാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടെയും കുറ്റകൃത്യ നിരക്ക് ലക്ഷം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. ഇതു പ്രകാരം ദലിതർക്കെതിരെ നടന്ന കുറ്റകൃത്യങ്ങളിൽ 11 സംസ്ഥാനങ്ങൾ യുപിക്കു മുമ്പിലുണ്ട്. രാജസ്ഥാൻ ആണ് ദലിത് പീഡനത്തിൽ മുന്നിൽ നിൽക്കുന്നത്. 

10. രാഹുലിന്റെ തേങ്ങാ ജ്യൂസും കിഴങ്ങു ഫാക്ടറിയും

തേങ്ങാ ജ്യൂസ് നിർമ്മിച്ച് ലണ്ടനിൽ വിൽപ്പന നടത്താൻ സഹായിക്കുമെന്ന് മണിപ്പൂരിലെ കർഷകർക്ക് രാഹുൽ ഗാന്ധി വാഗ്ദാനം നൽകിയിരുന്നെന്ന് മാർച്ചിൽ യുപിയിലെ ഒരു റാലിയിൽ മോഡി പ്രസംഗിച്ചിരുന്നു. കർഷകർക്കു വേണ്ടി ഒരു ഉരുളക്കിഴങ്ങ് ഫാക്ടറി സ്ഥാപിക്കുമെന്നും രാഹുൽ പറഞ്ഞതായും മോഡി പ്രസംഗിച്ചു. എന്നാൽ രാഹുൽ ഇതു രണ്ടും പറഞ്ഞിട്ടില്ല. രാഹുൽ പറഞ്ഞത് നഗ്‌നമായി വളച്ചൊടിക്കുകയാണ് മോഡി ചെയ്തത്. പൈനാപ്പിൾ ജ്യൂസിന്റെ കാര്യമാണ് രാഹുൽ പറഞ്ഞത്. കിഴങ്ങ് ഫാകട്‌റിയല്ല, പൊട്ടറ്റോ ചിപ്‌സ് ഉണ്ടാക്കുന്ന ഫാക്ടറിയാണ് രാഹുൽ പരമാർശിച്ചിരുന്നത്. 

കടപ്പാട്: ഓൾട്ട് ന്യൂസ്
 

Latest News