കൊച്ചി-കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ ടിപി ചന്ദ്രശേഖരന്‍ കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു. ഇന്ന് സമന്‍സ് നല്‍കിയിട്ടില്ലെന്നും തിങ്കളാഴ്ച വരാനും ആയിരുന്നു നിര്‍ദേശം.
കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാഫിയെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷാഫി വയറുവേദനയാണെന്ന് പറഞ്ഞു പിന്‍വാങ്ങുകയായിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി കസ്റ്റംസിന്റെ കൊച്ചി പ്രിവന്റിവ് ഓഫീസിലെത്തിയ മുഹമ്മദ് ഷാഫിയെ ഉദ്യോഗസ്ഥര്‍ മടക്കിയയച്ചു. ഷാഫിക്ക് ഇന്ന് നോട്ടീസ് നല്‍കിയിട്ടില്ലെന്നും തിങ്കളാഴ്ച വരാനും ആയിരുന്നു നിര്‍ദേശം. ഇതോടെ ഷാഫി മടങ്ങിപ്പോയി. അതേസമയം കേസിലെ മുഖ്യപ്രതികള്‍ ജാമ്യത്തിനായി കോടതിയിലേക്ക് നീങ്ങുകയാണ്. കേസില്‍ ആദ്യം പിടിയിലായ പ്രതി മുഹമ്മദ് ഷഫീക്ക് ഇന്നലെ ജാമ്യാപേക്ഷ നല്‍കി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ് അപേക്ഷ നകിയത്. കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കി നാളെ ജാമ്യാപേക്ഷ നല്‍കും. തനിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് അര്‍ജുന്റെ വാദം. കസ്റ്റംസ് മര്‍ദ്ദിച്ചാണ് കാര്യങ്ങള്‍ എഴുതി മേടിച്ചത് എന്ന അവകാശവാദവും ഇയാള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.