ന്യൂദല്‍ഹി- കേന്ദ്ര മന്ത്രിസഭാ പുനസ്സംഘടിപ്പിക്കുന്നതിനു തൊട്ടുമുമ്പായി രൂപീകരിച്ച സഹകരണ മന്ത്രാലയം ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നല്‍കി. കഴിഞ്ഞ ദിവസം നടന്ന പുനസ്സംഘടനയിലാണ് അമിത്ഷാക്ക് സഹകരണ മന്ത്രി പദവി കൂടി ലഭിച്ചത്. ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദമാകുകയും കടുത്ത പ്രതിസന്ധിയുണ്ടാക്കുകയും ചെയ്ത നോട്ടുനിരോധന സമയത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിരോധിത നോട്ടുകള്‍ നിക്ഷേപമായി ലഭിച്ച അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ആയിരുന്നു അമിത് ഷാ. 745.59 കോടി രൂപ എങ്ങനെ ഈ സഹകരണ ബാങ്കില്‍ മാത്രമെത്തി എന്ന് പലകോണുകളില്‍ നിന്നും ചോദ്യമുയര്‍ന്നിരുന്നു.
സഹകരണ മേഖലയ്ക്ക് പുഷ്ടിപ്പെടുത്താനാണ് പുതിയ മന്ത്രാലയം രൂപീകരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചിരുന്നു. രാജ്യത്തെ സഹകരണ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി പ്രത്യേക ഭരണ, നിയമ, നയരൂപീകരണ സംവിധാനം ഒരുക്കി മേഖലയെ ഈ മന്ത്രാലയം ശക്തിപ്പെടുത്തുമെന്നും കൂടുതല്‍ ജനങ്ങളിലെത്തിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. സഹകരണ മന്ത്രാലയം രൂപീകരിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.