പൂവാർ- വിഴിഞ്ഞം പാമ്പുകാല ഊറ്റുകുഴിയിൽ റിട്ട. അദ്ധ്യാപിക ഓമനയുടെ കൊലപാതകത്തിൽ മകൻ വിപിൻദാസിൻറെ (39) അറസ്റ്റ് രേഖപ്പെടുത്തി.കൊലപാതകത്തെ തുടർന്ന് കസ്റ്റഡിയിലായിരുന്ന പ്രതി നാലുദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിൽ അമ്മയെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആർമിയിൽ ജോലിചെയ്തിരുന്ന വിപിൻദാസ് മൂന്ന് വർഷം മുമ്പാണ് സൈനിക സേവനത്തിൽ നിന്ന്
വിരമിച്ച് നാട്ടിൽ മടങ്ങിയെത്തിയത്. വളരെ നേരത്തെ തന്നെ ഭർത്താവ് പാലയ്യൻ ഉപേക്ഷിച്ചതിനെ തുടർന്ന് രണ്ട് മക്കളെയും വളർത്തിയത് ഓമന ടീച്ചറായിരുന്നു. മൂത്തമകൻ വിവാഹം കഴിഞ്ഞ് ഇപ്പോൾ മാറി താമസിക്കുകയാണ്. പ്രതിയായ ഇളയ മകനും അമ്മയും മാത്രമാണ് ഊറ്റുകുഴിയിലെ വീട്ടിൽ താമസിച്ചു വന്നിരുന്നത്.
തൻറെ വിവാഹം നടക്കാത്തതിന്റെ കാരണം അമ്മയാണെന്ന് പറഞ്ഞ് സ്ഥിരം മദ്യപാനി കൂടിയായ വിപിൻദാസ് അമ്മയെ മർദ്ദിക്കുന്നത് പതിവായിരുന്നതായും പോലീസ് പറഞ്ഞു. സ്ഥിരമായി സുഹൃത്തുക്കളെ വിളിച്ചു വീട്ടിലിരുന്ന് മദ്യപിക്കാറുള്ള മകനെ ഓമന ടീച്ചർ ചോദ്യം ചെയ്തതിനെ തുടർന്ന് ഒന്നാം തീയതി രാവിലെ അമിതമായ മദ്യപിച്ച വിപിൻ ദാസ് അമ്മയെ കഴുത്തിന് കുത്തിപ്പിടിച്ച് ഞെരിക്കുകയും കട്ടിലിൽ മലർത്തിക്കിടത്തി നെഞ്ചത്ത് ചവിട്ടുകയും ചെയ്തു. മരണം സംഭവിച്ചു എന്നുറപ്പായപ്പോൾ മൃതദേഹം പൈപ്പിന്റെ മൂട്ടിൽ വാഴയിലയിൽ കിടത്തി മുഖത്തെ രക്തം കഴുകി കളഞ്ഞതിന് ശേഷം അമ്മ മരിച്ചതായി സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞു.
തുടർന്ന് വീട്ടിലെത്തിയ സുഹൃത്തുക്കൾ സംശയം തോന്നിയതിനെ തുടർന്ന് സ്ഥലം വിട്ടു. ഇതോടെ പുറത്തിറങ്ങിയ വിപിൻദാസ് ശവപ്പെട്ടി വാങ്ങി മടങ്ങിയെത്തി മൃതദേഹം വീട്ടുവളപ്പിൽ മറവു ചെയ്യാനായികുഴിയെടുക്കുന്നത് കണ്ട നാട്ടുകാരാണ് പൂവാർ പോലീസിനെ വിവരമറിയിച്ചത്.
ബന്ധുക്കളാരും സഹകരിക്കാത്തത് കൊണ്ടാണ് ശവപ്പെട്ടി വാങ്ങി വീട്ടുവളപ്പിൽ മൃതദേഹം മറവു ചെയ്യാൻ ശ്രമിച്ചതെന്നാണ് ഇയാൾ ആദ്യം പോലീസിന് മൊഴി നൽകിയത്. സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്മാറ്റി. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് സംഭവം കൊലപാതകമെന്ന് കണ്ടെത്തിയത്.
ആദ്യ ദിവസങ്ങളിൽ പ്രതി കുറ്റം സമ്മതിക്കാത്തതിനെ തുടർന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെയും മറ്റ് ശാസത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്തതോടെയാണ് പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചത്. തുർന്ന് അറസ്റ്റ് രേഖപ്പെടുത്തി വീട്ടിലെത്തിച്ച് തെളിപ്പെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആദ്യം മർദ്ദിക്കുകയും അലറിക്കരഞ്ഞ മാതാവിനെ കഴുത്ത് ഞെരിച്ചും വാ പൊത്തിപ്പിടിച്ചും കൊലപ്പെടുത്തിയ പ്രതി ഇതിന് ശേഷവും മൃതദേഹത്തിൻറെ നെഞ്ചിൽ ആഞ്ഞ് ചവിട്ടിയും വളരെ ക്രൂരമായാണ് കൊലനടത്തിയതെന്ന് പൂവാർ ഇൻസ്പെക്ടർ എസ് ബി പ്രവീൺ പറഞ്ഞു.