Sorry, you need to enable JavaScript to visit this website.

വഖഫ് ബോർഡ് നിർജീവം;  സർക്കാർ കാഴ്ചക്കാരായി

കൊച്ചി- രാഷ്ട്രീയ വിഭാഗീയതയും ചേരിതിരിവുംമൂലം സംസ്ഥാന വഖഫ് ബോർഡ് കഴിഞ്ഞ ആറ് മാസമായി പ്രവർത്തന രഹിതമാണെന്ന് കേന്ദ്ര വഖഫ് കൗൺസിൽ അംഗം അഡ്വ. ടി.ഒ. നൗഷാദ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിരമിക്കൽ കാലാവധി നീട്ടിനൽകണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടരുന്ന സി.ഇ.ഒയും ബോർഡ് ചെയർമാനുമായി നടക്കുന്ന പഴിചാരൽ വഖഫ് ബോർഡിനെ തകർക്കുമെന്നും സംസ്ഥാന സർക്കാർ കാഴ്ചക്കാരായി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ബോർഡിൽ രാഷ്ട്രീയ അതിപ്രസരമാണ്. വഖഫ് ബോർഡ് യോഗം ചേർന്നിട്ട് മാസങ്ങളായി. ഒരു ക്ഷേമപദ്ധതികളും നടക്കുന്നില്ല. കേസുകളും പരാതികളും കെട്ടിക്കിടക്കുകയാണ്. ക്ഷേമപദ്ധതികൾ അവതാളത്തിലായി. കേന്ദ്ര വഖഫ് കൗൺസിൽ രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ്. സംസ്ഥാന വഖഫ് ബോർഡിൽ 15 ജീവനക്കാരെയാണ് കേന്ദ്ര വഖഫ് കൗൺസിൽ ശമ്പളം നൽകി നിയമിച്ചിരിക്കുന്നത്. വഖഫ് വസ്തുവകകളുടെ ജി.പി.എസ് മാപ്പിംഗ് പ്രക്രിയ ഇഴഞ്ഞു നീങ്ങുകയാണെന്നും അഡ്വ. നൗഷാദ് ആരോപിച്ചു. സംസ്ഥാന സർക്കാർ നിയമിക്കുന്ന ഉദ്യോഗസ്ഥനായ സി.ഇ.ഒയെ നിയന്ത്രിക്കാൻ സർക്കാർ തയാറാകണം. വഖഫ് ബോർഡ് പിരിച്ചു വിടാനുള്ള അധികാരവും സംസ്ഥാന സർക്കാരിനുണ്ട്. വഖഫ് ബോർഡ് തകർക്കാനുള്ള സർക്കാർ ഗൂഢനീക്കമാണോ നടക്കുന്നതെന്നും സംശയമുയരുന്നുണ്ട്. സംസ്ഥാന വഖഫ് ബോർഡ് നിർജീവമായി തുടർന്നാൽ വഖഫ് വികസനത്തിന് വേണ്ടി കേന്ദ്ര വഖഫ് കൗൺസിൽ നൽകി വരുന്ന തുകകളും പദ്ധതികളും തുടർന്നും നൽകുന്നത് പുനരാലോചിക്കേണ്ടി വരുമെന്നും അഡ്വ. നൗഷാദ് പറഞ്ഞു. വിഷയത്തിൽ കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ഇടപെടൽ അനിവാര്യമാണ്. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News