റിയാദ്- ഇന്റർനാഷനൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (അയാട്ട) മേഖലാ ആസ്ഥാനം സൗദിയിൽ സ്ഥാപിക്കുന്നതിന് ധാരണ. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ദുവൈലിജ്, അയാട്ട മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് കമാൽ ഹസ്സൻ അൽഅവാദി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. മേഖലയിലും അന്താരാഷ്ട്ര തലത്തിലുമുള്ള വ്യോമയാന മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ കരാർ. വ്യോമയാന മേഖലയിൽ സൗദിയും അയാട്ടയും സഹകരണത്തിന്റെ മേഖലകൾ വിപുലീകരിക്കും. അയാട്ടയുടെ റീജണൽ ഓഫീസ് സൗദിയിൽ സ്ഥാപിക്കുന്നത് ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ വളർച്ചക്കും സഹായകമാകും. പരിശീലന പരിപാടികൾ നടത്താനും വ്യോമയാന വ്യവസായ മേഖലയിലും നൂതന പ്രവണതകൾ പരിചയപ്പെടാനും വിവരങ്ങളുടെ കൈമാറ്റത്തിനുമെല്ലാം ഈ കരാർ ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.