ന്യൂദല്‍ഹി- രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനസ്സംഘടനയില്‍ സ്ഥാനം തെറിച്ച ഏഴു ക്യാബിനെറ്റ് മന്ത്രിമാരില്‍ ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനും ഉള്‍പ്പെട്ടത് പലരേയും അമ്പരിപ്പിച്ചു. വലിയ ഭീഷണിയില്ലാതെ കടന്നു പോയ കോവിഡ് ഒന്നാം തരംഗത്തിനു ശേഷം വിജയം ആഘോഷിക്കും പിന്നീട് കാര്യങ്ങളെല്ലാം കൈവിട്ടു പോയ കോവിഡ് രണ്ടാം തരംഗത്തിനും ശേഷം രാജ്യം മുന്നാം തരംഗത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് മോഡി ആരോഗ്യ മന്ത്രി പദവിയില്‍ നിന്ന് ഡോ. ഹര്‍ഷ് വര്‍ധനെ മാറ്റിയത്. കോവിഡിനെ നേരിടുന്നതില്‍ ഹര്‍ഷ് വര്‍ധന്റെ വേഗത്തിലുള്ള നടപടികളെ പ്രധാനമന്ത്രി മോഡി പുകഴ്ത്തിയത് ഈയിടെയായിരുന്നു. കോവിഡ് രൂക്ഷമായ പലഘട്ടങ്ങളിലും ആരോഗ്യ മന്ത്രിയെ എവിടെയും കാണാത്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മോഡി സര്‍ക്കാരില്‍ ഇത് രണ്ടാം തവണയാണ് മന്ത്രിസഭയില്‍ നിന്ന് ഹര്‍ഷ് വര്‍ധന്‍ പുറത്താക്കപ്പെടുന്നത്. 2014ല്‍ ഒന്നാം മോഡി സര്‍ക്കാരിന്റെ തുടക്കത്തില്‍ ആരോഗ്യ മന്ത്രിയായിരുന്ന ഹര്‍ഷ് വര്‍ധനം ഏഴു മാസമാണ് പദവിയില്‍ തുടര്‍ന്നത്. ഇപ്പോള്‍ ബിജെപി ദേശീയ അധ്യക്ഷനായി ജെ.പി നഡ്ഡയായിരുന്നു പിന്നീട് ഒന്നാം മോഡി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതു വരെ ആരോഗ്യ മന്ത്രി. 2019ല്‍ മോഡി സര്‍ക്കാര്‍ വീണ്ടും വന്നപ്പോള്‍ ഹര്‍ഷ് വര്‍ധനെ തന്നെ വീണ്ടും ആരോഗ്യ മന്ത്രിയാക്കി. ആദ്യ പുനസ്സംഘടനയില്‍ തന്നെ ഇപ്പോള്‍ പുറത്താക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ദല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നിന്നുള്ള എംപിയായ ഹര്‍ഷ് വര്‍ധനന്‍ ഒരു ഇ.എന്‍.ടി സര്‍ജനാണ്. 90കളില്‍ ദല്‍ഹിയിലും ആരോഗ്യ മന്ത്രിയായിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് അദ്ദേഹം വലിയ വെല്ലുവിളിയാണ് നേരിട്ടത്. കോവിഡ് രൂക്ഷമായ പല നിര്‍ണായക ഘട്ടങ്ങളിലും ഹര്‍ഷ് വര്‍ധനെ ചിത്രത്തിലൊന്നും കാണാനുണ്ടായിരുന്നില്ല. കോവിഡ് രണ്ടാം തരംഗത്തെ ഇന്ത്യ നേരിട്ട രീതിയും സമയം ലഭിച്ചിട്ടും മുന്നൊരുക്കള്‍ നടത്താതെ സമയം പാഴാക്കിയതും ആഗോള തലത്തില്‍ തന്നെ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു. അപ്പോളും ആരോഗ്യ മന്ത്രിയുടെ പ്രതികരണം കാര്യമായി പുറത്തു വന്നിരുന്നില്ല.
കോവിഡിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പലപ്പോഴും സര്‍ക്കാരിനെതിരെ രംഗത്തു വന്നിട്ടുള്ള കോണ്‍ഗ്രസ് പക്ഷെ പുറത്താക്കപ്പെട്ട ഹര്‍ഷ് വര്‍ധനെ പ്രതിരോധിക്കാന്‍ രംഗത്തെത്തി എന്നതും ശ്രദ്ധേയമായി. കോവിഡ് കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ചയ്ക്ക് ഉത്തരവാദി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷനായ പ്രധാനമന്ത്രി മോഡിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പ്രതികരിച്ചു.
കോവിഡിന്റെ പേരില്‍ പല രാജ്യങ്ങളിലും ആരോഗ്യ മന്ത്രിമാര്‍ക്ക് പദവി നഷ്ടമായിട്ടുണ്ട്. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളില്‍ മുന്നിലുള്ള ബ്രസീലില്‍ നാലു പുതിയ ആരോഗ്യ മന്ത്രിമാരാണ് മാറിമാറി വന്നത്. ചെക്ക് റിപബ്ലിക്കില്‍ അഞ്ചു ആരോഗ്യമന്ത്രിമാരും ബ്രിട്ടനില്‍ രണ്ടു പേരും വന്നു.