ന്യൂദല്‍ഹി- മുഖംമിനുക്കി കേന്ദ്ര മന്ത്രിസഭ. രാഷ്ട്രപതി ഭവനില്‍ ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30-ഓടെയാണ് അവസാനിച്ചു. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടന.
നിലവിലുള്ള മന്ത്രിസഭയില്‍നിന്ന് 12 പേരെ ഒഴിവാക്കിയാണ് പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ ഉടച്ചുവാര്‍ത്തത്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, നിയമം-ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. പുതിയ മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോഡി മന്ത്രിസഭയില്‍ ഇപ്പോഴുള്ളത്.
പുതിയ മന്ത്രിമാരില്‍ 15 പേര്‍ക്ക് കാബിനറ്റ് പദവിയുണ്ട്. 36 പേര്‍ പുതുമുഖങ്ങളാണ്. പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരില്‍ 11 വനിതകളുമുണ്ട്. ഒ.ബി.സി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി. 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനീയര്‍മാര്‍, ഏഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, നാല് മുന്‍മുഖ്യമന്ത്രിമാര്‍ എന്നിവരും പുതിയ മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു.
വി. മുരളീധരന് പുറമേ മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ് കര്‍ണാടകയില്‍നിന്നുള്ള രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍.